Thursday, December 20, 2018

എത്ര പെട്ടന്നാണ്
തെളിഞ്ഞ മാനം
ഇരുള് മൂടുകയും
വെളിച്ചമില്ലാതെ
നാം തട്ടിവീഴുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
അന്യരൊക്കെയും
നമ്മുടേതാവുന്നതും
ഒരു ചെറുപുഞ്ചിരി
പ്രതീക്ഷയാവുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
ഒരു പുഴയൊഴിയുന്നതും,
ആമകൾക്കും
മീനുകൾക്കും
വീടുകളില്ലാതാവുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
കരച്ചിലുകൾക്ക്
ചിറകുമുളയ്ക്കുകയും
സഹായം പരുന്തായി
പറന്നെത്തുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
മഴയൊഴിയുകയും
ചേർത്തു പിടിച്ചിരുന്ന
കാലൻ കുട
ദൂരെയെറിയുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
നിലപാടുകളിൽ
മലക്കം മറിഞ്ഞ്
നാം
'നമ്മള'ല്ലാതാവുകയും
ചെയ്യുന്നത്..

Sunday, November 4, 2018

ഉപേക്ഷിക്കപ്പെട്ടു കാടുകയറിക്കിടക്കുന്ന വീടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ...
നിശബ്ദമായ അകത്തളങ്ങളാലും തുറക്കാത്ത ജനവാതിലുകളാലും ശ്വാസംമുട്ടി ഒന്നു നെടുവീർപ്പിടാൻ പോലുമാകാതെ സ്വയമൊന്നിടിഞ്ഞു വീണിരുന്നുവെങ്കിലെന്ന് കൊതിക്കുന്നവ, പൊളിഞ്ഞു തുടങ്ങിയ പാളികളിലൊന്നിലൂടെ കടന്നു വരുന്ന പഴുതാരയെയോ പാമ്പിനെത്തന്നെയോ നെഞ്ചോടു ചേർക്കാൻ കൊതിക്കുന്നവ, പൊതുവഴിയിലെ ഓരോ ഇലയനക്കങ്ങളും തന്നിലേക്കാണെന്ന തോന്നലിൽ ആവേശത്തോടെ കാതു കൂർപ്പിക്കുന്നവ, തണുത്തുറഞ്ഞ അടുപ്പുകല്ലുകളിൽ തീച്ചൂടുപറ്റാൻ വെമ്പുന്ന, വെളിച്ചം കയറ്റാത്ത നരച്ച ജാലകവിരിപ്പുകളെ കരിച്ചുകളഞ്ഞാത്തീയിലമരാൻ കാത്തിരിക്കുന്നവ... പാതയോരത്തും പറമ്പലിലും, കടൽവക്കത്തും മലയിലും, വെയിലിലും മഴയിലും നമുക്കവയെ കാണാം;
തിരക്കുള്ള ഇടനാഴികളിലും, അമ്പലനടകളിലും, ആശുപത്രിക്കിടക്കകളിലും, ഒഴിഞ്ഞ ക്ലാസ്മുറികളുടെ കോണുകളിലും, നിറഞ്ഞ കയ്യടികൾക്കിടയിലും, പൂരപ്പറമ്പുകളിലും,  ചിലപ്പൊഴൊക്കെ കണ്ണാടിക്കു മുൻപിലും അവയുണ്ടാകും 'ഭൂതത്തിന്റെ' ഭാരവും പേറിയങ്ങിനെ...

Wednesday, October 24, 2018

ദ്രവിച്ചു
തുടങ്ങിയ
ചങ്ങലകളോട്
കലഹിച്ച;
ഭൂതകാലത്തിന്റെ
കുറ്റികളിൽ
തളയ്ക്കപ്പെട്ട
ആനകളിലൊന്ന്
കൂച്ചുവിലങ്ങിട്ടു തന്ന
വലിഞ്ഞുമുറുന്ന
തടിച്ച
വടുക്കളോട്
യുദ്ധം
പ്രഖ്യാപിച്ചു,
മൂർച്ചനഷ്ട്ടപ്പെട്ട
കൊമ്പുകളിൽ
കോർത്ത
രുചിച്ചു
മടുത്ത
പനമ്പട്ടകൾ
ദൂരേക്കു
വാരിയെറിഞ്ഞു.

കാളുന്ന
കരിവെയിൽ
തലക്കുമീതെ
രുദ്രതാളം
ചവിട്ടവെ,
ഇരുട്ടുകേറിയ
കണ്ണുകൾ
പിഴുതെറിഞ്ഞ
പഴമയുടെ
മരക്കുറ്റിയാ-
ലെഴുതി;
സ്വാതന്ത്ര്യം...

Thursday, October 18, 2018

1

പിരിഞ്ഞുപോവുകയാണല;
തിരികെവരാനിടങ്ങളില്ലാതെ,
തിരഞ്ഞുപോകാൻ
തീരമില്ലാതെ,
കാലിനെമുറുക്കെ-
ചുറ്റിപ്പിടിച്ചലറിക്കരയുന്ന
തിര...

2

മരണം
തലക്കുമീതെ
തണുപ്പു
ചുറ്റുമ്പോൾ
തണലുവറ്റി-
യിലകൊഴിഞ്ഞു
കനലുനീറ്റി
കരയുന്ന
മരം..

3

മരീചികകൾ
മണലു
മൂടുമ്പോൾ
മണ്ണിലെക്കൊടും-
ചൂടിൽ
തലപൂഴ്ത്തുന്ന
മരുഭൂമി...

4

പുഴയെ
കാറ്റുകൊണ്ടുപോകുമ്പോൾ
കുറുകെ
പാലം പണിത
തോണി...

5

ഒടിഞ്ഞുമടങ്ങി
കഴുത്തു
കുനിഞ്ഞു
തിരിഞ്ഞു
നടക്കുന്ന
കാലം...

Friday, October 12, 2018

പ്രാന്തുപെയ്യുന്ന
പകലുകളിലൊന്നിൽ
മടുപ്പും
പുതച്ചിരക്കയാണ്
മസ്തിഷ്കം;
കരപ്പനുള്ള
തൊലിമുഴുക്കെ
തേച്ചുരുച്ചിട്ടും
മാറാത്ത
അസ്വസ്ഥതയിൽ
തലവെച്ചുറങ്ങുന്നുമുണ്ടത്...

തലപെരുപ്പിക്കുന്ന
മരവിപ്പനപ്പുറം
വെറുപ്പുമാത്രം
സമ്മാനിക്കുന്ന
ഉച്ചയിൽ,
പെരുവിരലു
തൊട്ടിരച്ചുകേറുന്ന
കെറുവുകളിൽത്തട്ടി
തലയ്ക്കുമീതെയാളുന്ന
നിഴലുകളെപ്പേടിച്ചൊ-
ളിച്ചുപോയിരിക്കുകയാണിരുട്ട്!

Friday, September 21, 2018

അധികാരത്തിന്റെ
അപ്പകഷ്ണങ്ങളിലൊന്ന്,
ചവച്ചുതുപ്പുന്നതിനിടയ്ക്കു
തിരിഞ്ഞുനോക്കിയ
പല്ലി,
മുറിഞ്ഞുപോയ
വാൽ നീളത്തിൽ
കുണ്ഠിതപ്പെട്ടു;
പൊടുന്നനെ
പ്രകാശിക്കപ്പെട്ട
വെള്ളി-
വെളിച്ചത്തിലേക്ക്
ആകർഷിക്കപ്പെട്ട
'ഈയലുകൾ'
പല്ലിവായിലേക്കു
പിന്നെയും
ഊളയിടപ്പെട്ടുകൊണ്ടുമിരുന്നു...

ഓർമ്മകളുടെ
ഓട്ടപ്പാച്ചിലിനിടയ്ക്കു
വിട്ടുപോയ
അറിയാക്കണ്ണികളുടെ
കൊളുത്തു-
തേടിയിറങ്ങിയതാണ്;
അലമുറകളിൽ
എവിടെയോ വച്ചു
മുങ്ങി
മുടങ്ങിപ്പോയ
അർത്ഥമില്ലാത്ത
തേങ്ങലുകളുടെ
കുമ്പസാരക്കൂട്ടിലേക്ക്...

നീതിയുടെ
തുലാസിലിടം
കിട്ടാതെപോയവരുടെ
കണ്ണീരു
കുറുക്കി
ഉപ്പൂറ്റുന്നുമുണ്ട്
ചിലര്;
കണ്ണുകളിറുക്കി-
യടച്ചുറങ്ങുക
മാത്രമാണു
നമ്മളപ്പഴും...

Friday, July 20, 2018

രക്തസാക്ഷി


ഇരുട്ടിൽ
നിലാവുദിക്കുമ്പോൾ
കൺതുറക്കുന്ന
നക്ഷത്രങ്ങളിലൊന്ന്
നീയായിരിക്കും

നെഞ്ചിൽ
കെട്ടുപോവാതെ
കാത്ത
നാട്ടുനന്മ
പുലരുവോളം
നിന്നുകത്തും...

ഉള്ളു
പിടയുമ്പൊഴും
പ്രാണൻ
വെടിയുമ്പഴും
നീ
കാത്ത
സത്യമിങ്ങനെ
തെളിഞ്ഞുകൊണ്ടേയിരിക്കും...

Thursday, July 19, 2018

'യുദ്ധം'

തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
ശത്രുവെനോക്കി
പുഞ്ചിരിക്കാതിരിക്കുന്നതാണ്
നല്ലത്;
അത്
വ്യാഖ്യാനിക്കപ്പെട്ടേക്കാം,
വെടിനിർത്തലായോ
ഭീരുത്വമായോ
കെണിയായോ
പുനർവായനകളുണ്ടാകാം...

തമ്മിൽത്തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
പുഞ്ചിരിക്കുന്നതാണ്
നല്ലതു
വ്യാഖ്യാനങ്ങളിൽ
ചിലതു
തെറ്റിധരിക്കപ്പെട്ടേക്കാമെങ്കിലും
പുഞ്ചിരിയൊരഴകാണല്ലോ...

തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
പുഞ്ചിരിക്കാതിരിക്കുന്നതാണ്
നന്ന്
ഒരു പുഞ്ചിരിയിൽ-
തീരുന്നതൊന്നും
യുദ്ധമാവുകയില്ലല്ലോ...

തമ്മിൽ
യുദ്ധത്തിലായിരിക്കുമ്പോൾ
'ശത്രു'വെ നോക്കി
പുഞ്ചിരിക്കുന്നതാണ്
നല്ലത്;
അത്
വ്യാഖ്യാനിക്കപ്പെട്ടേക്കാം,
കീഴടങ്ങലായോ
ഒളിച്ചോട്ടമായോ
തുല്യതയിലോ
യുദ്ധമവസാനിച്ചുകൂടെന്നില്ലല്ലോ...

Monday, July 9, 2018

പുഴയൊഴുകും വഴിയെ...

ഒഴുകിയൊഴുകി
തീരത്തിനപ്പുറം
തിരയുകയാണു പുഴ

വെളിച്ചമങ്ങനെ
പുഴയിൽ
മുങ്ങിക്കുളിക്കുമ്പോൾ
ദൂരേക്കൊഴുകിയൊഴുകി
തീരവും
കവിഞ്ഞു
പരക്കുകയാണു പുഴ

കൈത്തോടുകളിലെ
പരൽക്കൂട്ടം
തന്നിലേക്കാവാഹിക്കപ്പടുമ്പോൾ
പുതിയ വീടുകൾ
പണിയുകയുമാണു പുഴ

പുത്തൻ ചൂണ്ടലുകളോരോന്നും
തന്നിലേക്കുനീളുമ്പോൾ
ഓളപ്പരപ്പുകളിൽ
പരിഭ്രാന്തിയൊഴുക്കുകയാണു പുഴ

ഓരോ കടത്തു തോണിയും
തീരമണയുമ്പോഴും
ആശ്വാസത്തിന്റെ
തിരകളെണ്ണുകയാകും പുഴ...

പുതുനാമ്പുകളോരോന്നും.
തന്നിലേക്കുനീളുമ്പോൾ
സന്തോഷത്തിരതല്ലുന്ന പുഴ...

പുഴകളോരോന്നും പറയുന്ന
കഥകളായിരം;
കളകളമൊഴികാളായിരം...

Thursday, July 5, 2018

നുമ്മടെയൊക്കെ തലയിൽ നിലാവെളിച്ചമായോണ്ട് സുൽത്താനെക്കുറിച്ചെന്തെഴുതാൻ... 'പാത്തുമ്മേടെ ആട്' കൂടെ ഉണ്ടായതുകൊണ്ട് മാത്രം പത്താം ക്ലാസിലെ 'പഠിക്കലുകളെ' ഇഷ്ട്ടപ്പെട്ട; പീജീപ്പരീക്ഷയുടെ തലേന്നും ഉപ്പൂപ്പാന്റെ ആനവാൽത്തഴമ്പന്വേഷിച്ചു കരളിലൊരു നോവുമായി നടക്കുന്നവർക്ക് സുൽത്താന്റെ പുസ്തകങ്ങളിൽ തലവെച്ചുകരയാം, ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാം, ഇല്ലാത്ത മാങ്കോസ്റ്റിന്റെ ചോട്ടില് ബോധോദയം ബരുന്നതും കാത്തിരിക്കാം...

ആടു തിന്ന 'ശബ്ദങ്ങൾ' ബയറ്റിൽ കോളിളക്കളുണ്ടാക്കുന്നതും നോക്കിയിരിക്കാം, വീട്ടുമുറ്റത്തെ മുയുത്ത ചാമ്പങ്ങളിൽ കണ്ണുവെക്കുന്നവരെ ആരാധക ഗണത്തിൽ പെടുത്താം, ഇത്താത്തമാരുടെ കെറുവുകളിൽ 'കോലിട്ടിളക്കാം'...

ഇമ്മിണി ബല്യ ഒന്നുതേടി പള്ളിക്കൂടങ്ങളിലലയാം, പത്തായത്തിലോ, തട്ടിൻപുറത്തോ, കട്ടിലുകൾക്കടിയിലോ വാരിത്തിന്നാൻ പഞ്ചാര ഭരണികൾ തിരയാം, കൈവിട്ടുപോയ 'ഭൂത'ത്തിന്റെ ഓർമ്മയിൽ 'ജന്മദിന'ങ്ങളിൽ പട്ടിണികിടക്കാം...  നട്ടുച്ചയുച്ചിലുദിക്കും വരെയുറങ്ങി പ്രാതലും ഉച്ചയൂണും ലാഭിക്കാം... വെയിൽ മൂക്കുമ്പോൾ വിശപ്പിനെ പട്ടിണിക്കിടാം.... അത്താഴത്തിനു ഹോട്ടലുകളിൽ കാശുകൊടുക്കാൻ പേഴ്സുമായി വരുന്ന മനുസമ്മാരേം തിരഞ്ഞിരിക്കാം...

പാമ്പിനും പഴുതാരക്കും കേറാൻ വീടും തൊറന്നിട്ടിട്ട്; പടച്ചോന്റെ പടപ്പുകളിലൊന്നാകാം,
ഇല്ലാത്ത കടലാസുകളിൽ ഘടാഘടിയൻ ലേഖനങ്ങളെഴുതാം... അതിലെ വ്യാകരണപ്പിശകു തിരയുന്നവരെ കയിൽ കണകൊണ്ടു തല്ലാം, ആഖ്യയെ ആറ്റിലെറിഞ്ഞു; പുലരിയിൽ നീലവെളിച്ചം കാണുംവരെ മുങ്ങിക്കുളിക്കാം...

Wednesday, July 4, 2018

വെറുപ്പ്

വെറുപ്പു
കോർത്തുകെട്ടുമ്പോൾ
പിടഞ്ഞുവീഴുന്ന
ജന്മങ്ങൾ
ചിലതുണ്ട്;
ചിതലരിക്കാത്ത
ഓർമ്മകളുടെ
ഭാരവുംപേറി
മന്തുകാലും
വലിച്ചുവെച്ചു
നീങ്ങുന്നവര്...
ഉടലനക്കങ്ങളിൽ
ഉയിരുതേടുന്നവർ...
വെറുപ്പു
കടിച്ചിറക്കുമ്പോൾ
കയ്പു
തുപ്പിക്കളഞ്ഞവരോ;
ദഹിക്കാത്തകള്ളത്തെ പുളിച്ചുതികട്ടിക്കൊണ്ടേയിരുന്നു...

Wednesday, June 6, 2018

ഊഞ്ഞാല

കുരുക്കഴിഞ്ഞു
മണ്ണിലലിയാൻ
കാത്തിരിക്കുന്നൊ-
രൂഞ്ഞാലയാണു ഞാൻ.

കാറ്റിനനുസരിച്ചു
ദിശമാറിമാറിയാടി
മടുത്തൊരൂഞ്ഞാല.

കാറ്റൊഴിച്ചിട്ട
നിറഞ്ഞ നിശബ്ദതയിൽ
നിശ്ചലതയുടെ ഭാരവും
പേറിയങ്ങനെ -

ചാക്രികതയുടെ
കുറ്റിയിൽ തളച്ചിടപ്പെട്ടു
ചിന്നംവിളിക്കാനാകാത്തൊരാന...

Thursday, May 31, 2018

സ്കൂൾ നൊസ്റ്റു...

നാളെ ഉസ്കൂളു തൊറക്കാണ്, മൂന്നു വയസു മുതല് പോയിത്തൊടങ്ങീതുമാണ് ഇനീം പോവാൻ യാതൊരിൻട്രസ്റ്റുമില്ല, പക്കേങ്കില് ഇക്കാലമത്രയും ഉസ്കൂളിപോയത് പഠിച്ചു 'പണി' കിട്ടാനാണല്ലോന്നാലോയ്ക്കുമ്പോൾ പൂവാണ്ടേം പറ്റില്ല... പഠിച്ചു പണികിട്ടീതും ഒരസ്കൂളീലന്നെ അപ്പൊ പിന്നെ പൂവ്വന്നെ അല്ലാണ്ടെന്താ ചെയ്യാ... ന്നാലും പണ്ടു മുതലേ കൂടള്ള മടിക്ക് ഇട്ടട്ട് പോവാനും വെഷമണ്ട്..

'April is   the cruelest month' ന്നൊക്കെ വെർതേ പറേണതാണ്, ജൂണിനേക്കാൾ ബെടക്കായ ഒരു മാസം ഈ ഭൂലോകത്തിലില്ല... Being sarcastic ന്നൊക്കെ ചുമ്മാതെഴുതണതാണ്, അതാണല്ലോ ഇപ്പളത്തെ ഒരു ട്രെന്റ്... മുകളിലെഴുതിയതൊക്കെ പച്ചയായ  നഗ്ന സത്യങ്ങൾ മാത്രം...

നാളെ സ്കൂൾ തുറക്കുമ്പോൾ പുത്തനുടുപ്പും ബാഗുമൊക്കെ റെഡിയാക്കി ചാടി പുറപ്പെടാനിരിക്കുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നറിയാം, നാളെ പോണല്ലോന്നാലോയ്ച്ച് സെന്റിയടിച്ചിരിക്കണോരും, കൂട്ടുകാരെ കാണാതെ വീർപ്പമുട്ടുന്നവരുമൊക്കെ കൂട്ടത്തിലുണ്ടാകാം.

അവധിക്കാലത്ത് ഡയറിയെഴുതാനും മറ്റും ഹോം വർക്ക് കിട്ടിയിട്ടുള്ളവരിൽ  അതഭിമാനപുരസരം ചെയ്‌തുതീർത്തവരും, തലേന്നു ഡയറിവാങ്ങി വീട്ടുകാരുടെ മണ്ടക്കു വെയ്ക്കുച്ചവരും, അതാലോയ്ച്ചു ട്ടെൻഷനടിക്കണോരും, അങ്ങനൊരു കാര്യമേ മറന്നു പോയവരുമുണ്ടാകാം...

ഇപ്പഴത്തെ കാലത്ത് എട്ടാം ക്ലാസുവരെയൊക്കെ കണ്ണുമടച്ചു ജയിപ്പിക്കുകയാണല്ലോ... ഗ്രേഡിംഗ് ബാച്ചാണെങ്കിലും ഞങ്ങടെ കാലത്തീ പരിപാടിയുണ്ടാർന്നില്ല... മെയ് ആദ്യം ഉസ്കൂളിന്റെ നോട്ടീസ് ബോർഡിൽ ജയിച്ചവരുടെ വില വിവരപട്ടിക പ്രസിദ്ധീകരിക്കും, വാട്ട്സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലാത്തോണ്ട് സ്കൂളിൽ പോയി നോക്കാതെ മാറ്റു മാർഗ്ഗങ്ങളൊന്നുമില്ല...

മൂന്നിലും അഞ്ചിലും ആറിലുംമൊക്കെ പഠിപ്പിക്കുന്നവരുടെ റിസൾട്ടിനൊക്കെ പുല്ലുവിലയായിരുന്ന കാലം... ജയിച്ചോന്നു പോയി നോക്കണ്ടേന്നൊരു ഭാവം പോലും വീട്ടുകാർക്കില്ല.

ജയിച്ചോന്ന് ചോയ്ക്കണരോട് ആത്മവിശ്വാസത്തോ യെസ് മൂളിയിരുന്നത് ഏതൊണ്ടൊരു ഇരുപത്തൊൻപതാം തിയ്യതിയാവുമ്പോഴേക്കും ഗംഭീര ടെൻഷനിലേക്കു വഴിമാറും... ഇനിയെങ്ങാനും തോറ്റുകാണുമോ?
സ്കൂളിലെത്തി പഴേ ക്ലാസീന്ന് ടീച്ചർ പേരു വിളിച്ച് അടുത്ത ക്ലാസിലിരുത്തുമ്പോഴേ ചങ്കടിപ്പു മാറൂ...

അപ്പോഴേക്കും അടുത്ത പ്രശ്നം തലപൊക്കുകയായി, നാലഞ്ചു ഡിവിഷനുണ്ടേ നമ്മുടെ ചങ്കുകളൊക്കെ വേറെ ഡിവിഷനിലായാൽ  തീർന്നില്ലേ! പച്ചക്കറിക്കടേലെ സാമ്പാറുകഷ്ണത്തിനെടുക്കുന്ന കുമ്പളങ്ങ പോലെ മിക്കവാറും നാലും നാലുപാക്കറ്റിൽ അഥവാ ഡിവിഷനിലായിക്കാണും... പിന്നെ കരച്ചിലായി പിഴിച്ചിലായി സ്നേഹള്ളോരുടെ അമ്മമാര് ശുപാർശകളുമായി വന്ന് ഡിവിഷൻ മാറ്റിക്കലായി... PTA മീറ്റിംഗിനു തന്നെ വല്ലപ്പളും വരണ ഇമ്മടാൾക്കാരോടെന്തു പറയാൻ...

ആഹാ! ഇപ്പളാലോചിക്കുമ്പോൾ അന്നത്തെ 'ഇന്റർനാഷണൽ' പ്രശ്‌നങ്ങൾ എന്തു സിമ്പിളാലേ...
ബ്രൗൺ പേപ്പറിനു പകരം പഴേ കലണ്ടറിട്ടു പൊതിഞ്ഞിരിക്കുന്ന സ്വന്തം പുസ്തകങ്ങളെ നോക്കി ഉള്ളിൽ അയ്യേ! ദാരിദ്രം ന്ന് പറഞ്ഞിരുന്ന കുട്ടിക്കാലം

ഇക്കാലത്ത് സ്കൂളിൽ പോണത് അത്ര വല്യ പ്രിവിലേജൊന്നുമല്ലെമല്ലെങ്കിലും അതുപോലും നിഷേധിക്കപ്പെടുന്ന ഒരുപാടു ബാല്യങ്ങൾ ചുറ്റിനു മുണ്ടെന്നോർക്കുമ്പോൾ... ഇപ്പഴും തുടരുന്ന 'സമാധാന യുദ്ധങ്ങളിൽ' ചിലതിൽ തകർന്നു വീണ വിദ്യാലയങ്ങളിലെ കുരുന്നുകളെയോർക്കുമ്പോൾ, പഠിക്കാനാഗ്രഹിച്ചു വെന്ന കുറ്റത്തിന് വെടിയേറ്റു വീണ മലാലയെയോർക്കുമ്പോൾ, അവളെ പൊതിഞ്ഞു പിടിച്ച കൂട്ടുകാരായോർക്കുമ്പോൾ , അക്ഷരങ്ങൾ കൈപിടിച്ചുയർത്തിയ കുടുംബങ്ങളോർക്കുമ്പോൾ... ദാസാ... സ്കൂളൊരു ഭീകരജീവിയല്ല... ☺☺☺

അഗ്നിച്ചിറകുകളൽ അബ്ദുൾ കലാം വിവരിച്ചിരുന്നതു പോലെ വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാത്ത ജാതിമതഭേതങ്ങളില്ലാത്തത നന്മയുള്ള വിദ്യാലയങ്ങളിൽ നമ്മുടെ മക്കളൊരുമിച്ചിരുന്നു പഠിക്കട്ടെ...

Friday, May 25, 2018

കടലു കാണുമ്പോൾ...

'ഇന്നെന്താ മമ്മീ കൂട്ടാൻ'

'സാമ്പാറ്'

'യോ
 സാമ്പാറാണോ... എന്നോടീ ചതി വേണ്ടാർന്നു, ന്ന് സ്കൂളിപോണംന്ന് ഞാൻ നേർത്തേ പറഞ്ഞതല്ലേ ഞാനിനി എങ്ങനെ ചോറ് കൊണ്ടോവും...' 😞

'വേണെങ്കിൽ കഴിച്ചാ മതി ഇവിടെ വേറൊന്നൂല്യ'😡

ചോറെടുക്കുന്നു തട്ടി വിടുന്നു.

'ആഹാ എത്ര പെട്ടന്നാ പാത്രം ക്ലീനായത്🤨 ഉച്ചക്കുവേണേൽ പപ്പടം വറുത്ത് തരാം'

' എനിക്കുച്ചക്കു കൊണ്ടവാൻ ചോറു വേണ്ട... അല്ലെങ്കി വേണ്ട പപ്പടം വറത്തതായിക്കോട്ടെ...'

'ഉം'

'ഇന്ന് മീൻ വെല്ലതും കിട്ടീണ്ടോ'

'ഇണ്ട്, ചെമ്മീൻ'

'😃'

പറഞ്ഞു വന്നത് പച്ചക്കറികൂട്ടി ചോറുണ്ണാനിത്തിരി വിഷമമാണ്, സാമ്പാറാണെങ്കിൽ അതിത്തിരി കൂടുംന്ന് മാത്രം... (എനിക്കങ്ങനെ വല്യ ഡിമാന്റാെന്നുമില്ലാട്ടോ, അച്ചാറും ചോറും കിട്ടിയാൽ ഹാപ്പി)

പിന്നെ ചെമ്മീനാെക്കെയാണെങ്കിൽ 'ബഹുത്ത് ഹാപ്പി' നാരാങ്ങാവെള്ളം കൂട്ടിവരെ വേണേൽ കഴിക്കും, നിപ്പാ ഭീതിയുള്ളതു കൊണ്ട് ചിക്കനെ തൊടാൻ പറ്റില്ല. അതുകൊണ്ടു 'മീൻ തൊട്ടു കൂട്ടി' അഡ്ജസ്റ്റ് ചെയ്യുന്നു...

മഴക്കാലത്തെ കടലനുഭവങ്ങൾ കുറവാണ്, ഇല്ലെന്നു തന്നെ പറയാം. കലിയടങ്ങാത്ത കാലവർഷങ്ങളെക്കുറിച്ചും ആർത്തിരമ്പുന്ന മരണത്തിരകളെ കുറിച്ചും കേട്ടറിവു മാത്രം. വേനലിലെ വൈകുന്നേരങ്ങളിൽ കാലിലൊന്നു തലോടി തിരികെ പോകുന്ന തിരകളെ മാത്രം ശീലിച്ചിട്ടുള്ളതിനാൾ കടലെന്നും സുഖമുള്ളൊരോർമ്മയാണ്.

ഇതാദ്യമായാണ്‌ മഴയത്ത് കടലു കാണുന്നത്, രൂപ ഭാവവും മാറി രൗദ്രതാളത്തിൽ തീരത്തേക്കടിച്ചു കയറുന്നുണ്ട് തിരകൾ, അതേ പശ്ചത്താലത്തിൽ തിരയുരുട്ടിയിട്ടിരിക്കുന്ന സംരക്ഷണ ഭിത്തിയിലെ ഭീമൻ കല്ലുകളും കാണുമ്പോൾ ഭീതിയൊന്നിരട്ടിക്കും.

കടലുകലി തീർത്തതാകണം, വിള്ളലുകൾ വീണ സാമാന്യം ഭേദപ്പെട്ട വീടുകൾ ആളും ആരവുമൊഴിഞ്ഞു പുല്ലു മൂടി കിടക്കുന്നു. മുൻപും ഒരുപാടു തവണ ഈ  വഴിക്കു  പോയിട്ടുണ്ടെങ്കിലും ഈ കാഴ്ചകളൊന്നും തന്നെ കണ്ടിരുന്നില്ല, കാണാൻ ശ്രമിച്ചില്ലെന്നതാകും കൂടുതൽ ശരി; മരക്കൂട്ടത്തിനിടയിൽ കടലുതിരയുക മാത്രമാണന്നു ചെയ്തിരുന്നത്.

പിന്നിലിരമ്പിയാർക്കുന്ന കടലനിനെ തെല്ലും വകവെക്കാതെ മുറ്റത്തെ വലയൂഞ്ഞാലിലാടുന്ന കുരുന്നുകൾ, ഓ ഈ തിരയെത്ര കണ്ടതാ എന്നൊരു  ഭാവം പോലും മുഖത്തില്ലാതെ തീരത്തെ ചായ്പുകളിലും ചായക്കടകളിലും സൊറ പറഞ്ഞിരിക്കുന്നവർ, വമ്പനൊരു ബ്ലോക്കിൽ പെട്ടതിനാലാകാം കടലിനെയൊന്നു കാണാൻ പോലും സമ്മതിക്കാതെ തീരത്തേറോപ്ലെയിൻ പറത്തുന്ന ബസ് ഡ്രൈവർ, ഷട്ടറൊന്നുയർത്തുക പോലും ചെയ്യാതെ കടലിനെ തീർത്തുമവഗണിക്കുന്ന സഹയാത്രികരിൽ ചിലർ അവരോടു വാശി തീർക്കാനെന്ന മട്ടിൽ കരിങ്കൽ ഭിത്തിയിലാർത്തടിക്കുന്ന തിരയും...

അങ്ങിനെ പരിചിതമായിരുന്ന പല ബിംബങ്ങളെയും പൊട്ടിച്ചിതറിച്ചു കളഞ്ഞ ഒരു യാത്രയായിരുന്നു ഇന്നത്തേത്.

ചീറിയടിക്കുന്ന തിരകളെ തീരെ വകവെയ്ക്കാതെ മറ്റൊരു കൂട്ടരുമുണ്ട് 'പൂച്ചക്കുട്ടികളുടെ വലിപ്പത്തിൽ' കടലിലോടിക്കളിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. ഓളത്തിലവ ചാഞ്ചാടുന്നതു കാണാൻ രസമുണ്ടായിരുന്നെങ്കിലും പേടിയാണുള്ളിതോന്നിയത്...  വേനൽ മഴയിൽ കടലിനിത്രക്കുമാറ്റമെങ്കിൽ മഴക്കാലമെത്ര ഭീകരമായിരിക്കും!

വിറച്ചു പോകുന്ന രാക്ഷസത്തിരകളിലേക്കു കാറ്റും കോളും നോക്കാതെ വഞ്ചിയിറക്കുന്നവരെ ഒരുനിമിഷമോർത്തു... ഇനിയും തിരിച്ചു വരാത്ത ചിലരെയും, അവരെ കാത്തുകാത്തിരിക്കുന്ന മങ്ങാത്ത പ്രതീക്ഷകളെയും...

ഒരു വിങ്ങലോടെയല്ലാതെ ഇന്നും വായിച്ചുതീർക്കാനാവാത്ത 'Riders to the Sea' മനസിലേക്കിരമ്പിയെത്തി. നമ്മുടെ തീൻമേശകൾക്കു രുചി കൂട്ടുവാൻ കടലിനെ ലക്ഷ്യമാക്കി അവരിനിയും പായും; തീരത്തു സ്വപ്നങ്ങളും പ്രതീക്ഷകളും ആവോളമുണ്ടെങ്കിലും അതിനുമപ്പുറത്താണല്ലോ വിശപ്പിന്റെ വിളി. തീരം മഴത്തണുപ്പു പുതച്ചുറങ്ങുമ്പോൾ ഓളപ്പരപ്പിൽ സ്വപ്നങ്ങൾക്കു ജീവൻ വയ്ക്കുകയാകും...

Thursday, May 10, 2018

ബസ് യാത്രക്കാർ പലതരമുണ്ടെങ്കിലും പുതിയൊരു തരം തിരിവുമായി അവതരിക്കുകയാണ്. നേരെ ചൊവ്വേ പോകേണ്ട സ്ഥലത്തേക്കുള്ള ബസിൽ കേറി സമാധാനമായി പോകുന്നവരും, ലിമിറ്റഡിൽ കയറി മുൻപേ പോകുന്ന ഓർഡിനറി ബസിൽ ഇടക്കു ചാടിക്കേറാൻ പ്ലാനിടുന്നവരും. ഇതിൽ തന്നെ മാല പോലെ മൂന്നു നാലു ബസിൽ മാറി കയറിപ്പറ്റേണ്ടവരുമുണ്ട്... ഇത്തരക്കാർക്കു ബസിൽ കേറിയാൽ മുന്നിൽ പോകുന്ന ബസുകളിലായിരിക്കും കണ്ണ്, മണിചിത്രത്താഴിലെ ചിത്തരോഗിയെപ്പോലെ ഉറക്കത്തിന്റെ ആഴമളക്കാനൊന്നും അറിയില്ലെങ്കിലും എതിരെ വരുന്ന ബസിന്റെ സ്ഥാനവും സമയവും ഗണിച്ച് മുൻപിൽ പോകുന്ന ഓർഡിനറി ബസിന്റെ ഭൂതം ഭാവി ചികഞ്ഞെടുക്കും... വളവുകളിലും തിരിവുകളിലും വച്ചു കാണുന്ന മിന്നായം പോലത്തെ കളറുവച്ച് ബസുകളെ തിരിച്ചറിയും അതിനി മുൻപിൽ എത്ര വലിയ വാഹനനിരയുണ്ടെങ്കിലും... നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ... പക്കേങ്കില് എല്ലാ ബസിനും ഒരേ കളറടിച്ചു വച്ചാല് ചുവന്ന മാരുതീല് മഞ്ഞക്കുപ്പായം ധരിച്ചെത്തുന്ന നായികയേയും കാത്തു നിന്ന നായകന്റെ ഗതികേട് റീൽ ലൈഫിൽ നിന്ന് റിയൽ ൈലഫിലെത്തും...
ഇത്തിരി ദൂരേന്ന് ബസിനു ൈകകാണിക്കാനും മ്മ്ടെ ഫ്രീക്കു ബസുകളുടെ മഴവില്ലഴകുകൾ സഹായിച്ചിരുന്നു. എല്ലാം കൂടി ഒരേ കുപ്പായട്ടു നിരന്നു നിന്നാല് ചുറ്റിപ്പോവൂട്ടോ...
ന്നാലും അടിപൊളി കളറോള് ഇള്ള ബസോള് കാണാനും അതീ കേറാനും ഇനീള്ള പിള്ളാർക്ക് പറ്റൂല്ലല്ലോന്ന് ആലോയ്ക്കുമ്പ സങ്കടണ്ട്ട്ടോ...

NB : സൂഷിച്ച് നോക്കണ്ട ഉണ്യേ ഇതെന്റെ കഥയല്ലാന്ന് ഞാൻ പറയില്യാട്ടാ...
ഗവൺമെന്റിന്റെ പരിഷ്കാരങ്ങളോട് ഇമ്മക്ക്ട്ട് പരാതീംല്യാട്ടാ...
എല്ലാം നല്ലേന്...

Sunday, April 29, 2018

ഹെെക്കൂ ശ്രമങ്ങൾ...

ഇരുട്ടു പൂക്കുമ്പോൾ
കൺ തുറക്കുന്നു
പാതിരാമുല്ല

കൈ നിറയെ
നിലാവുമായി
ആറ്റുവക്കത്തെ കുട്ടി

ഇരുളിന്റെ
കരിമ്പടം പുതച്ചുറങ്ങുന്നു
രാത്രി

വേലിത്തലപ്പിലെ
കാറ്റിനൊപ്പം മൂളൂന്നുണ്ട്;
വണ്ടുകൾ

വഴിയരുകിൽ
കുട പിടിക്കുന്നു;
ഉച്ചവെയില്

ഇരുട്ടിലുംതിളങ്ങി
വേലിപ്പടർപ്പ്;
മിന്നാമിനുങ്ങ്

പൂമ്പാറ്റകൾക്കൊപ്പം
ചാഞ്ചാടി പൂവുകളും;
കാറ്റ്

വെയിലുരുകിയ വഴികളിൽ
തണലുവിരിച്ചു
നിഴൽപ്പാത

ഉരുകിത്തീരുകയാണ്
മെഴുതിരിയും
മനസും

മഴയിലിനിയും
കരഞ്ഞുതീരാതെ
ഒറ്റമരം...

കാഴ്ചക്കാരില്ലാതെ
വേലിത്തലപ്പിലെ
കുഞ്ഞു പൂവ്...

വേലിപ്പടർപ്പിലെ
പൂപ്പിറന്നാളാഘോഷിച്ച്
കാറ്റ്...

പടർപ്പുകളിൽ
വിരിഞ്ഞു വീഴൂന്നു
കാട്ടുപൂച്ചന്തം...

വേനൽ;
പൊഴിഞ്ഞഇലകളെനോക്കി
നെടുവീർപ്പിടുന്നു കാട്

'നിറങ്ങളില്ലാത്ത'
നീലാകാശത്ത്
ഒരൊറ്റപ്പക്ഷി

പോയ വസന്തത്തിന്റെ
ഓർമ്മകളുണർത്തി
ശലഭച്ചിറകുകൾ

ഇരുട്ടിലലയുന്നുണ്ട്
നിലാവെളിച്ചം തേടി
മണ്ണിലലിഞ്ഞവര്...

നക്ഷത്രങ്ങൾ;
രാത്രി
പൂക്കുന്നു...

ആകാശം
ഇരുട്ടെടുത്തണിയുമ്പോൾ
എത്തിനോക്കുന്ന താരകം

തിളങ്ങുന്നുണ്ടു്
പൊരിവെയിലിലെ
പുഴ...

ഇരുട്ടാണുചുറ്റിലും
പ്രതീക്ഷകളുടെ
നിലാവസ്ഥമിച്ചു...

കറുത്തിരുണ്ടു ;
നനഞ്ഞിറങ്ങുന്നുണ്ട്
മഴത്തണുപ്പ്...

ഇരുട്ടുവിരിയുമ്പോൾ
ഇലത്തലപ്പുകളിൽ
മഴത്താളം...

പെയ്യാൻമറന്നു
ചിണുങ്ങിനിൽക്കുന്നു
മഴ...

കരിവെയിലിന്റെ കുറുമ്പുകളെഴുതുന്നുണ്ട്
കരിഞ്ഞ വള്ളികൾ
/
കരിഞ്ഞ
വള്ളികളെഴുതുന്നുണ്ട്
കരിവെയിലിന്റെ കുറുമ്പുകൾ

പഴുത്തുവീഴുന്നുണ്ട്
മാവിലകളുമൊപ്പം
ഓർമ്മകളും

Monday, February 26, 2018


ആഴമുള്ള കുളങ്ങളിലേക്ക് പണ്ടു കല്ലുകളെറിഞ്ഞു കളിച്ചതോർക്കുന്നു. മഴക്കാലത്ത് നിറഞ്ഞു കിടക്കുന്ന പാടങ്ങളിലേക്ക് കല്ലുകളെറിഞ്ഞ് ഓളങ്ങളുണ്ടാക്കുന്നത് ആവേശം നിറഞ്ഞ ഒരു മത്സരയിനവും...

ഓളപ്പരപ്പിൽ കല്ലുകൾ തെന്നി നീങ്ങുന്നത് കാണാൻ കാഴ്ചക്കാരുമുണ്ടാകും,
ആവേശംമൂത്ത് കിട്ടിയകല്ലുകളെല്ലാം അതിവേഗത്തിലെറിഞ്ഞിടുന്നവരും അതിലും വേഗത്തിൽ അവ ആഴങ്ങളിലേക്ക് മുങ്ങുന്നത് നിസംഗമായി നോക്കി നിൽക്കുന്നവരുമാണധികവും; എന്നാൽ ചിലരാകട്ടെ കല്ലുകൾ തിരഞ്ഞെടുക്കുന്നതു തൊട്ടേ ജാഗ്രതയുള്ളവരായിരിക്കും അൽപം പരന്നതും ആകൃതിയൊത്തതുമായ കല്ലുകൾ തിരഞ്ഞെടുക്കുയും ഒരു നിശ്ചിത വേഗതയിൽ എറിഞ്ഞിടുകയും ചെയ്യും. കാഴ്ചക്കാരെ ആനന്ദ സാഗരത്തിലാറാടിച്ചും കൊണ്ട് രണ്ടോ മൂന്നോ തവണ വെള്ളപ്പരപ്പിൽ തെന്നിത്തെന്നിയാണ് കല്ലുതാഴ്ന്നു പോകുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

ഞാനടക്കമുള്ള അന്നത്തെ പീക്കിരികൾക്ക് തലങ്ങും വിലങ്ങും എറിഞ്ഞിട്ടിട്ടും പരപ്പിലോളങ്ങൾ സൃഷ്ട്ടിക്കുകയെന്നതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു... ഏഴിലധികം പ്രാവശ്യം കല്ലുകൾ കൊണ്ടോളം വെട്ടിച്ച പഴയപുലികളുടെ കഥകൾ കേട്ടു അവരന്തിച്ചു നിന്നു!

കുളങ്ങളും പാടങ്ങളും മെല്ലെ അപ്രത്യക്ഷമായെങ്കിലും കുളക്കരകളുടെ സുരക്ഷിതത്വത്തിലിരുന്ന് കല്ലെറിഞ്ഞിരുന്നവർ മാത്രം ശേഷിച്ചു.
അവർക്കു മുന്നിൽ പുതിയൊരു വെർച്വൽ ലോകവും തുറന്നു കിട്ടി.
ഉള്ളിലിരുന്ന കല്ലുകളോരോന്നും തേച്ചു മിനുക്കി പുതുപുത്തൻ പോസ്റ്റുകളാക്കി അവരെറിഞ്ഞിട്ടുത്തുടങ്ങി...
പട്ടിണിമരണവും കവർച്ചയും പാതകകളും ഒറിജിനൽ മുങ്ങലുകളും ജീവിതവും മരണവുമെല്ലാം അവർക്കെറിയാനുള്ള കല്ലുകളായി...

പഴയതുപോലെത്തന്നെ ചില കല്ലുകൾ പെട്ടന്ന് മുങ്ങുകയും ചിലതു പരപ്പിൽ ഓളങ്ങളുണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു പോന്നു.

കളികഴിഞ്ഞു കല്ലുകളെയുമുപേക്ഷിച്ചു വീട്ടിലേക്കു മടങ്ങുന്ന അതേ ലാഘവത്തോടെ തങ്ങളുടെ പോസ്റ്റുകളേയും പ്രതികരണങ്ങളേയും പ്രതിഷേധങ്ങളേയും മറവിയുടെ ആഴങ്ങളിലേക്ക് അവരെറിഞ്ഞു കളഞ്ഞുമിരിന്നു.
കാഴ്ചക്കാർ കൂടുമ്പോൾ ഇനിയുമെറിഞ്ഞു കളിക്കാൻ കല്ലുകളൊരുപാടു ബാക്കിയുണ്ടല്ലോ...

('അവരെ' ഞാനായോ നമ്മളായോ തിരുത്തി വായിക്കുകയുമാകാം...)

Thursday, February 22, 2018


മൗനം
കുറ്റകരമാകുന്നത്
പ്രതികരണശേഷി നഷ്ട്ടപ്പെടുമ്പോഴാണ്...

പ്രതികരണങ്ങൾക്കു ശബ്ദമില്ലാതിരിക്കുകയും...
മുറിഞ്ഞ നാക്കും
കുനിഞ്ഞ മുതുകും
അലങ്കാരങ്ങളാകുന്നതും

ചവിട്ടിയരക്കപ്പെട്ടവരുടെ
പ്രതീക്ഷകളസ്ഥമിക്കുന്നതും
നോവുകളുടെ രാവുകൾ
പുലാരാതിരിക്കുന്നതും
ഏതാണ്ടിതേ കാരണം കൊണ്ടു തന്നെ...

Wednesday, February 21, 2018

പണ്ടെന്നോ പണയംവെച്ചുപോയ,
വാക്കുകളെയുമന്വേഷിച്ചിറങ്ങിയതാണ്
പ്രസക്തി നഷ്ട്ടപ്പെട്ട്,
തുരുമ്പെടുത്തു
തിരിച്ചെടുനാകാത്തവണ്ണം
ദ്രവിച്ചു പോയവ.

നിവർത്തുവാനാകാത്ത വിധം
നട്ടെല്ലും വളഞ്ഞിരിക്കുന്നു.
തളർന്നനാക്കും
മുറിവേറ്റ കാലുകളും
വിഴുങ്ങിയ വാക്കുകളേയോർത്തു
വേവലാതിപ്പെട്ടു.

ചവിട്ടേറ്റ മുതകും
ചതച്ചരക്കപ്പെട്ട സ്വപ്നങ്ങളും
നെടുവീർപ്പുമായൊതുങ്ങിയപ്പോൾ;
തുപ്പാതെപോയ വാക്കുകളെയോർത്തു
തലച്ചോറുമാത്രമൂറിച്ചിരിച്ചു.
(കിട്ടാതെപോയ ചാട്ടവാറടികളെയോർത്തും... ;-) )