Thursday, December 20, 2018

എത്ര പെട്ടന്നാണ്
തെളിഞ്ഞ മാനം
ഇരുള് മൂടുകയും
വെളിച്ചമില്ലാതെ
നാം തട്ടിവീഴുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
അന്യരൊക്കെയും
നമ്മുടേതാവുന്നതും
ഒരു ചെറുപുഞ്ചിരി
പ്രതീക്ഷയാവുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
ഒരു പുഴയൊഴിയുന്നതും,
ആമകൾക്കും
മീനുകൾക്കും
വീടുകളില്ലാതാവുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
കരച്ചിലുകൾക്ക്
ചിറകുമുളയ്ക്കുകയും
സഹായം പരുന്തായി
പറന്നെത്തുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
മഴയൊഴിയുകയും
ചേർത്തു പിടിച്ചിരുന്ന
കാലൻ കുട
ദൂരെയെറിയുകയും
ചെയ്യുന്നത്...

എത്ര പെട്ടന്നാണ്
നിലപാടുകളിൽ
മലക്കം മറിഞ്ഞ്
നാം
'നമ്മള'ല്ലാതാവുകയും
ചെയ്യുന്നത്..

0 comments:

Post a Comment