Friday, May 25, 2018

കടലു കാണുമ്പോൾ...

'ഇന്നെന്താ മമ്മീ കൂട്ടാൻ'

'സാമ്പാറ്'

'യോ
 സാമ്പാറാണോ... എന്നോടീ ചതി വേണ്ടാർന്നു, ന്ന് സ്കൂളിപോണംന്ന് ഞാൻ നേർത്തേ പറഞ്ഞതല്ലേ ഞാനിനി എങ്ങനെ ചോറ് കൊണ്ടോവും...' 😞

'വേണെങ്കിൽ കഴിച്ചാ മതി ഇവിടെ വേറൊന്നൂല്യ'😡

ചോറെടുക്കുന്നു തട്ടി വിടുന്നു.

'ആഹാ എത്ര പെട്ടന്നാ പാത്രം ക്ലീനായത്🤨 ഉച്ചക്കുവേണേൽ പപ്പടം വറുത്ത് തരാം'

' എനിക്കുച്ചക്കു കൊണ്ടവാൻ ചോറു വേണ്ട... അല്ലെങ്കി വേണ്ട പപ്പടം വറത്തതായിക്കോട്ടെ...'

'ഉം'

'ഇന്ന് മീൻ വെല്ലതും കിട്ടീണ്ടോ'

'ഇണ്ട്, ചെമ്മീൻ'

'😃'

പറഞ്ഞു വന്നത് പച്ചക്കറികൂട്ടി ചോറുണ്ണാനിത്തിരി വിഷമമാണ്, സാമ്പാറാണെങ്കിൽ അതിത്തിരി കൂടുംന്ന് മാത്രം... (എനിക്കങ്ങനെ വല്യ ഡിമാന്റാെന്നുമില്ലാട്ടോ, അച്ചാറും ചോറും കിട്ടിയാൽ ഹാപ്പി)

പിന്നെ ചെമ്മീനാെക്കെയാണെങ്കിൽ 'ബഹുത്ത് ഹാപ്പി' നാരാങ്ങാവെള്ളം കൂട്ടിവരെ വേണേൽ കഴിക്കും, നിപ്പാ ഭീതിയുള്ളതു കൊണ്ട് ചിക്കനെ തൊടാൻ പറ്റില്ല. അതുകൊണ്ടു 'മീൻ തൊട്ടു കൂട്ടി' അഡ്ജസ്റ്റ് ചെയ്യുന്നു...

മഴക്കാലത്തെ കടലനുഭവങ്ങൾ കുറവാണ്, ഇല്ലെന്നു തന്നെ പറയാം. കലിയടങ്ങാത്ത കാലവർഷങ്ങളെക്കുറിച്ചും ആർത്തിരമ്പുന്ന മരണത്തിരകളെ കുറിച്ചും കേട്ടറിവു മാത്രം. വേനലിലെ വൈകുന്നേരങ്ങളിൽ കാലിലൊന്നു തലോടി തിരികെ പോകുന്ന തിരകളെ മാത്രം ശീലിച്ചിട്ടുള്ളതിനാൾ കടലെന്നും സുഖമുള്ളൊരോർമ്മയാണ്.

ഇതാദ്യമായാണ്‌ മഴയത്ത് കടലു കാണുന്നത്, രൂപ ഭാവവും മാറി രൗദ്രതാളത്തിൽ തീരത്തേക്കടിച്ചു കയറുന്നുണ്ട് തിരകൾ, അതേ പശ്ചത്താലത്തിൽ തിരയുരുട്ടിയിട്ടിരിക്കുന്ന സംരക്ഷണ ഭിത്തിയിലെ ഭീമൻ കല്ലുകളും കാണുമ്പോൾ ഭീതിയൊന്നിരട്ടിക്കും.

കടലുകലി തീർത്തതാകണം, വിള്ളലുകൾ വീണ സാമാന്യം ഭേദപ്പെട്ട വീടുകൾ ആളും ആരവുമൊഴിഞ്ഞു പുല്ലു മൂടി കിടക്കുന്നു. മുൻപും ഒരുപാടു തവണ ഈ  വഴിക്കു  പോയിട്ടുണ്ടെങ്കിലും ഈ കാഴ്ചകളൊന്നും തന്നെ കണ്ടിരുന്നില്ല, കാണാൻ ശ്രമിച്ചില്ലെന്നതാകും കൂടുതൽ ശരി; മരക്കൂട്ടത്തിനിടയിൽ കടലുതിരയുക മാത്രമാണന്നു ചെയ്തിരുന്നത്.

പിന്നിലിരമ്പിയാർക്കുന്ന കടലനിനെ തെല്ലും വകവെക്കാതെ മുറ്റത്തെ വലയൂഞ്ഞാലിലാടുന്ന കുരുന്നുകൾ, ഓ ഈ തിരയെത്ര കണ്ടതാ എന്നൊരു  ഭാവം പോലും മുഖത്തില്ലാതെ തീരത്തെ ചായ്പുകളിലും ചായക്കടകളിലും സൊറ പറഞ്ഞിരിക്കുന്നവർ, വമ്പനൊരു ബ്ലോക്കിൽ പെട്ടതിനാലാകാം കടലിനെയൊന്നു കാണാൻ പോലും സമ്മതിക്കാതെ തീരത്തേറോപ്ലെയിൻ പറത്തുന്ന ബസ് ഡ്രൈവർ, ഷട്ടറൊന്നുയർത്തുക പോലും ചെയ്യാതെ കടലിനെ തീർത്തുമവഗണിക്കുന്ന സഹയാത്രികരിൽ ചിലർ അവരോടു വാശി തീർക്കാനെന്ന മട്ടിൽ കരിങ്കൽ ഭിത്തിയിലാർത്തടിക്കുന്ന തിരയും...

അങ്ങിനെ പരിചിതമായിരുന്ന പല ബിംബങ്ങളെയും പൊട്ടിച്ചിതറിച്ചു കളഞ്ഞ ഒരു യാത്രയായിരുന്നു ഇന്നത്തേത്.

ചീറിയടിക്കുന്ന തിരകളെ തീരെ വകവെയ്ക്കാതെ മറ്റൊരു കൂട്ടരുമുണ്ട് 'പൂച്ചക്കുട്ടികളുടെ വലിപ്പത്തിൽ' കടലിലോടിക്കളിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. ഓളത്തിലവ ചാഞ്ചാടുന്നതു കാണാൻ രസമുണ്ടായിരുന്നെങ്കിലും പേടിയാണുള്ളിതോന്നിയത്...  വേനൽ മഴയിൽ കടലിനിത്രക്കുമാറ്റമെങ്കിൽ മഴക്കാലമെത്ര ഭീകരമായിരിക്കും!

വിറച്ചു പോകുന്ന രാക്ഷസത്തിരകളിലേക്കു കാറ്റും കോളും നോക്കാതെ വഞ്ചിയിറക്കുന്നവരെ ഒരുനിമിഷമോർത്തു... ഇനിയും തിരിച്ചു വരാത്ത ചിലരെയും, അവരെ കാത്തുകാത്തിരിക്കുന്ന മങ്ങാത്ത പ്രതീക്ഷകളെയും...

ഒരു വിങ്ങലോടെയല്ലാതെ ഇന്നും വായിച്ചുതീർക്കാനാവാത്ത 'Riders to the Sea' മനസിലേക്കിരമ്പിയെത്തി. നമ്മുടെ തീൻമേശകൾക്കു രുചി കൂട്ടുവാൻ കടലിനെ ലക്ഷ്യമാക്കി അവരിനിയും പായും; തീരത്തു സ്വപ്നങ്ങളും പ്രതീക്ഷകളും ആവോളമുണ്ടെങ്കിലും അതിനുമപ്പുറത്താണല്ലോ വിശപ്പിന്റെ വിളി. തീരം മഴത്തണുപ്പു പുതച്ചുറങ്ങുമ്പോൾ ഓളപ്പരപ്പിൽ സ്വപ്നങ്ങൾക്കു ജീവൻ വയ്ക്കുകയാകും...

0 comments:

Post a Comment