Sunday, November 4, 2018

ഉപേക്ഷിക്കപ്പെട്ടു കാടുകയറിക്കിടക്കുന്ന വീടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ...
നിശബ്ദമായ അകത്തളങ്ങളാലും തുറക്കാത്ത ജനവാതിലുകളാലും ശ്വാസംമുട്ടി ഒന്നു നെടുവീർപ്പിടാൻ പോലുമാകാതെ സ്വയമൊന്നിടിഞ്ഞു വീണിരുന്നുവെങ്കിലെന്ന് കൊതിക്കുന്നവ, പൊളിഞ്ഞു തുടങ്ങിയ പാളികളിലൊന്നിലൂടെ കടന്നു വരുന്ന പഴുതാരയെയോ പാമ്പിനെത്തന്നെയോ നെഞ്ചോടു ചേർക്കാൻ കൊതിക്കുന്നവ, പൊതുവഴിയിലെ ഓരോ ഇലയനക്കങ്ങളും തന്നിലേക്കാണെന്ന തോന്നലിൽ ആവേശത്തോടെ കാതു കൂർപ്പിക്കുന്നവ, തണുത്തുറഞ്ഞ അടുപ്പുകല്ലുകളിൽ തീച്ചൂടുപറ്റാൻ വെമ്പുന്ന, വെളിച്ചം കയറ്റാത്ത നരച്ച ജാലകവിരിപ്പുകളെ കരിച്ചുകളഞ്ഞാത്തീയിലമരാൻ കാത്തിരിക്കുന്നവ... പാതയോരത്തും പറമ്പലിലും, കടൽവക്കത്തും മലയിലും, വെയിലിലും മഴയിലും നമുക്കവയെ കാണാം;
തിരക്കുള്ള ഇടനാഴികളിലും, അമ്പലനടകളിലും, ആശുപത്രിക്കിടക്കകളിലും, ഒഴിഞ്ഞ ക്ലാസ്മുറികളുടെ കോണുകളിലും, നിറഞ്ഞ കയ്യടികൾക്കിടയിലും, പൂരപ്പറമ്പുകളിലും,  ചിലപ്പൊഴൊക്കെ കണ്ണാടിക്കു മുൻപിലും അവയുണ്ടാകും 'ഭൂതത്തിന്റെ' ഭാരവും പേറിയങ്ങിനെ...

0 comments:

Post a Comment