Thursday, May 31, 2018

സ്കൂൾ നൊസ്റ്റു...

നാളെ ഉസ്കൂളു തൊറക്കാണ്, മൂന്നു വയസു മുതല് പോയിത്തൊടങ്ങീതുമാണ് ഇനീം പോവാൻ യാതൊരിൻട്രസ്റ്റുമില്ല, പക്കേങ്കില് ഇക്കാലമത്രയും ഉസ്കൂളിപോയത് പഠിച്ചു 'പണി' കിട്ടാനാണല്ലോന്നാലോയ്ക്കുമ്പോൾ പൂവാണ്ടേം പറ്റില്ല... പഠിച്ചു പണികിട്ടീതും ഒരസ്കൂളീലന്നെ അപ്പൊ പിന്നെ പൂവ്വന്നെ അല്ലാണ്ടെന്താ ചെയ്യാ... ന്നാലും പണ്ടു മുതലേ കൂടള്ള മടിക്ക് ഇട്ടട്ട് പോവാനും വെഷമണ്ട്..

'April is   the cruelest month' ന്നൊക്കെ വെർതേ പറേണതാണ്, ജൂണിനേക്കാൾ ബെടക്കായ ഒരു മാസം ഈ ഭൂലോകത്തിലില്ല... Being sarcastic ന്നൊക്കെ ചുമ്മാതെഴുതണതാണ്, അതാണല്ലോ ഇപ്പളത്തെ ഒരു ട്രെന്റ്... മുകളിലെഴുതിയതൊക്കെ പച്ചയായ  നഗ്ന സത്യങ്ങൾ മാത്രം...

നാളെ സ്കൂൾ തുറക്കുമ്പോൾ പുത്തനുടുപ്പും ബാഗുമൊക്കെ റെഡിയാക്കി ചാടി പുറപ്പെടാനിരിക്കുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നറിയാം, നാളെ പോണല്ലോന്നാലോയ്ച്ച് സെന്റിയടിച്ചിരിക്കണോരും, കൂട്ടുകാരെ കാണാതെ വീർപ്പമുട്ടുന്നവരുമൊക്കെ കൂട്ടത്തിലുണ്ടാകാം.

അവധിക്കാലത്ത് ഡയറിയെഴുതാനും മറ്റും ഹോം വർക്ക് കിട്ടിയിട്ടുള്ളവരിൽ  അതഭിമാനപുരസരം ചെയ്‌തുതീർത്തവരും, തലേന്നു ഡയറിവാങ്ങി വീട്ടുകാരുടെ മണ്ടക്കു വെയ്ക്കുച്ചവരും, അതാലോയ്ച്ചു ട്ടെൻഷനടിക്കണോരും, അങ്ങനൊരു കാര്യമേ മറന്നു പോയവരുമുണ്ടാകാം...

ഇപ്പഴത്തെ കാലത്ത് എട്ടാം ക്ലാസുവരെയൊക്കെ കണ്ണുമടച്ചു ജയിപ്പിക്കുകയാണല്ലോ... ഗ്രേഡിംഗ് ബാച്ചാണെങ്കിലും ഞങ്ങടെ കാലത്തീ പരിപാടിയുണ്ടാർന്നില്ല... മെയ് ആദ്യം ഉസ്കൂളിന്റെ നോട്ടീസ് ബോർഡിൽ ജയിച്ചവരുടെ വില വിവരപട്ടിക പ്രസിദ്ധീകരിക്കും, വാട്ട്സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലാത്തോണ്ട് സ്കൂളിൽ പോയി നോക്കാതെ മാറ്റു മാർഗ്ഗങ്ങളൊന്നുമില്ല...

മൂന്നിലും അഞ്ചിലും ആറിലുംമൊക്കെ പഠിപ്പിക്കുന്നവരുടെ റിസൾട്ടിനൊക്കെ പുല്ലുവിലയായിരുന്ന കാലം... ജയിച്ചോന്നു പോയി നോക്കണ്ടേന്നൊരു ഭാവം പോലും വീട്ടുകാർക്കില്ല.

ജയിച്ചോന്ന് ചോയ്ക്കണരോട് ആത്മവിശ്വാസത്തോ യെസ് മൂളിയിരുന്നത് ഏതൊണ്ടൊരു ഇരുപത്തൊൻപതാം തിയ്യതിയാവുമ്പോഴേക്കും ഗംഭീര ടെൻഷനിലേക്കു വഴിമാറും... ഇനിയെങ്ങാനും തോറ്റുകാണുമോ?
സ്കൂളിലെത്തി പഴേ ക്ലാസീന്ന് ടീച്ചർ പേരു വിളിച്ച് അടുത്ത ക്ലാസിലിരുത്തുമ്പോഴേ ചങ്കടിപ്പു മാറൂ...

അപ്പോഴേക്കും അടുത്ത പ്രശ്നം തലപൊക്കുകയായി, നാലഞ്ചു ഡിവിഷനുണ്ടേ നമ്മുടെ ചങ്കുകളൊക്കെ വേറെ ഡിവിഷനിലായാൽ  തീർന്നില്ലേ! പച്ചക്കറിക്കടേലെ സാമ്പാറുകഷ്ണത്തിനെടുക്കുന്ന കുമ്പളങ്ങ പോലെ മിക്കവാറും നാലും നാലുപാക്കറ്റിൽ അഥവാ ഡിവിഷനിലായിക്കാണും... പിന്നെ കരച്ചിലായി പിഴിച്ചിലായി സ്നേഹള്ളോരുടെ അമ്മമാര് ശുപാർശകളുമായി വന്ന് ഡിവിഷൻ മാറ്റിക്കലായി... PTA മീറ്റിംഗിനു തന്നെ വല്ലപ്പളും വരണ ഇമ്മടാൾക്കാരോടെന്തു പറയാൻ...

ആഹാ! ഇപ്പളാലോചിക്കുമ്പോൾ അന്നത്തെ 'ഇന്റർനാഷണൽ' പ്രശ്‌നങ്ങൾ എന്തു സിമ്പിളാലേ...
ബ്രൗൺ പേപ്പറിനു പകരം പഴേ കലണ്ടറിട്ടു പൊതിഞ്ഞിരിക്കുന്ന സ്വന്തം പുസ്തകങ്ങളെ നോക്കി ഉള്ളിൽ അയ്യേ! ദാരിദ്രം ന്ന് പറഞ്ഞിരുന്ന കുട്ടിക്കാലം

ഇക്കാലത്ത് സ്കൂളിൽ പോണത് അത്ര വല്യ പ്രിവിലേജൊന്നുമല്ലെമല്ലെങ്കിലും അതുപോലും നിഷേധിക്കപ്പെടുന്ന ഒരുപാടു ബാല്യങ്ങൾ ചുറ്റിനു മുണ്ടെന്നോർക്കുമ്പോൾ... ഇപ്പഴും തുടരുന്ന 'സമാധാന യുദ്ധങ്ങളിൽ' ചിലതിൽ തകർന്നു വീണ വിദ്യാലയങ്ങളിലെ കുരുന്നുകളെയോർക്കുമ്പോൾ, പഠിക്കാനാഗ്രഹിച്ചു വെന്ന കുറ്റത്തിന് വെടിയേറ്റു വീണ മലാലയെയോർക്കുമ്പോൾ, അവളെ പൊതിഞ്ഞു പിടിച്ച കൂട്ടുകാരായോർക്കുമ്പോൾ , അക്ഷരങ്ങൾ കൈപിടിച്ചുയർത്തിയ കുടുംബങ്ങളോർക്കുമ്പോൾ... ദാസാ... സ്കൂളൊരു ഭീകരജീവിയല്ല... ☺☺☺

അഗ്നിച്ചിറകുകളൽ അബ്ദുൾ കലാം വിവരിച്ചിരുന്നതു പോലെ വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാത്ത ജാതിമതഭേതങ്ങളില്ലാത്തത നന്മയുള്ള വിദ്യാലയങ്ങളിൽ നമ്മുടെ മക്കളൊരുമിച്ചിരുന്നു പഠിക്കട്ടെ...

0 comments:

Post a Comment