പതിവുപോലെ
പത്രം വായിക്കുകയായിരുന്നു,
പ്രാന്ത്...
ചായക്കൊപ്പം
ചവക്കാറുള്ള
വാർത്തകളിലൊന്നിൽ
ഉടക്കിപ്പിടിച്ച കണ്ണ്;
ചുവന്ന
തലക്കെട്ടുകളോടിഞ്ഞ്
ചരമക്കോളത്തിൽ
മുഖം പൂഴ്ത്തി.
വീശിയടിച്ച
കാറ്റുകളിലൊന്ന്
പറപ്പിച്ചുകളഞ്ഞ
സ്പോർട്സ് പേജിനു
പിന്നാലെയോടിയ
മൂക്ക്,
മുത്തശ്ശിപ്ലാവിന്റെ
കടയ്ക്കലെ
ചക്കച്ചൂരിൽ
തളയ്ക്കപ്പെട്ടു.
അടുക്കളത്തോട്ടത്തിൽ
അരിഞ്ഞു വീഴ്ത്തിയ
വാഴപ്പിണ്ടിക്കു
കൂട്ടുപോയിരിക്കുകയായിരുന്ന
നാക്ക്,
'മൊളഞ്ഞീ'നൊട്ടിപ്പിടച്ച
ചുണ്ടുകൾക്കുള്ളിൽ
തടവുകാരനായിക്കഴിഞ്ഞിരുന്നു.
കാതടച്ചു പെയ്ത
പെരുമഴയൊന്നിൽ
ഒന്നിച്ചൊലിച്ചു പോകവെ,
കച്ചിത്തുരുമ്പു തേടി
ചങ്ങലകളിൽ തന്നെ
അമർത്തിപ്പിടിക്കുന്നുണ്ട്
കാലം...
0 comments:
Post a Comment