ഉച്ചവെയില്
തിളച്ചുമറിയുമ്പോൾ
താഴ്ത്താൻ
മറന്ന
ഷട്ടറിന്റെ
വിടവിലൂടൊഴുകിയെത്തുന്ന
വേനലിനോട്
കയർക്കുകയായിരുന്നു
തലച്ചോറ്.
വാറുപൊട്ടിയ
ചെരുപ്പൊന്നിൽ
ശ്വാസംമുട്ടുന്നുണ്ടായിരുന്ന
പെരുവിരലും,
നടന്നു തേഞ്ഞ
കാലുകളും
പിറുപിറുത്തുകൊണ്ടിരുന്നു.
നീരുവന്നു വീർത്ത
കൈയ്യ്,
തുളവീണ
കാലടൻ കുടയിൽ
ഒന്നുകൂടിയമർന്നു,
തോളിലൊട്ടിപ്പിടിച്ച
തുകൽസഞ്ചിലെ
കാലിപ്പാത്രം
വീണ്ടും ചിലമ്പി.
പാതിയിലിട്ടു പോന്ന
പാത്രക്കൂമ്പാരങ്ങളുടെ
ഓർമ്മകളെ
ചവിട്ടിത്തെറിപ്പിച്ച
ബ്രേക്കിൽ,
പിടിവിട്ടു പോയ
കുട,
ഉരുണ്ടു വീണ
മത്തങ്ങക്ക്
കൂട്ടുപോയി...
മുടിയിലുരഞ്ഞ,
മുറിഞ്ഞ
വിരലുകളിലൊന്ന്
പിന്നെയും
നീറ്റി.
വെയിലിൽ
പാതിയടഞ്ഞുപോയ
കണ്ണുകളപ്പഴും,
ഒഴിഞ്ഞൊരിപ്പിടം
തിരയുകയാരുന്നു
0 comments:
Post a Comment