കഴുത
പൊരിയും വെയിലിനോടിണ ചേര്‍ന്നു
തളരും മിഴികളുമൊന്നിച്ചു
കരയാനുറച്ചു ചലിക്കുമൊരു
മിണ്ടാപ്പാവ ഞാന്‍.
മുതുകിലൊരായുസ്സിന്‍റെ കിതപ്പും
കാലില്‍ പച്ചിരുമ്പിന്‍റെ കനപ്പും
കനലിലെരിയുമെന്നാത്മാവും
ചോരുമെന്നാത്മ ധൈര്യവും.
ഞാനലഞ്ഞു...
കദനത്തിന്‍റെ കാണാക്കയങ്ങളിലൊരു തുരുത്തുതേടി...
രോഷത്തിന്‍റെ നെറുകില്‍ത്തട്ടി ഞാന്‍ വീഴുന്നു
കരിന്തോലെന്‍റെ മുതുകിലും
ആജ്ഞകളസ്ഥമിക്കുന്നില്ല
എന്‍റെ തോരാക്കണ്ണിരും...
വരളും നാവിലൊരിത്തിരി...
തിരുമുറിവുകളോര്‍ത്തുപോയി ഞാന്‍
പൊരിവെയിലില്‍ കുരിശും വലിച്ചു...
കൈകളിലാണിപ്പഴുതേറ്റി.
ഞാനുമലഞ്ഞു...
കൊടും മണല്‍ക്കാട്ടിലൊരു മരുപ്പച്ചതേടി
വ്യര്‍ത്ഥമാണെന്നറിഞ്ഞു ഞാനെന്‍ തിര്‍ത്ഥാടനം
കണ്ടതില്ലൊരു തണല്‍മരം
മടുപ്പിന്‍റെ കയ്പും ചവര്‍പ്പും
ആത്മാവിലൂ ഴ്ന്നിറങ്ങുമ്പോള്‍
ഒരു സ്വപ്നം മാത്രം
കദനത്തിന്‍റെ നെറുകിലൊരുമ്മവെയ്ക്കാനൊരമ്മ...
തണുപ്പില്‍ വിറങ്ങലിച്ചും
കരഞ്ഞും
ഞാന്‍
ഞാന്‍ മാത്രം...