Tuesday, March 26, 2019

A Wounded Witch



She was sleeping
When they caught her,
They bound her legs
And screamed...

She was very particular about sounds,
So the Scream;
It annoyed her most.
She burnt two of them
Hanged four,
Fried the rest with
Elephant fat

It was Sunday
Her happy day
She would have
pardoned them
If they had chosen a 'Friday'...

Saturday, March 23, 2019

മരണമൊഴിവാക്കുവാനാണ്
കിട്ടാവുന്ന മരുന്നുകളത്രയും
കരണ്ടു തിന്നത്;
വാക്കളന്നു മുറിച്ച്
ചിരിയൊതുക്കിയന്ന് കരഞ്ഞതും
സ്വാർത്ഥതയൊളിപ്പിക്കാനായിരുന്നു;
കയ്പുകുടിച്ചിളിച്ചു കാണിച്ച
വെറുപ്പകളോരോന്നും പൊന്തിവന്നു
തലപെരുത്തപ്പോഴെല്ലാം ചിരിച്ചു,
അഭിയിച്ചു മടുത്തപ്പോഴെല്ലാമുറങ്ങി!

മരണമൊഴിവാകുവാനാണ്
മഹാ മാന്ത്രികനെത്തേടി
ലോകംമുഴുക്കെയലഞ്ഞത്;
ഉള്ളിൽച്ചിരിച്ചു കണ്ടുപോന്ന
കരച്ചിലുകളോരോന്നും
ഉയർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു;
ഭിക്ഷാപാത്രങ്ങളിലേക്കു പ്രാകിയും
ഭയഭക്തിയോടെ ഭണ്ഡാരങ്ങളിലും
നിക്ഷേപിച്ചതത്രയും പുണ്യമായിരുന്നുവല്ലോ...

മരണമൊഴിവാക്കുവാൻ തന്നെയാണ്
കരളിന്റെ പാതിയറുത്തെടുത്തത്,
കരിച്ചുകളഞ്ഞ തൊലികളത്രയും -
പ്രിയപ്പെട്ടതുകളുമായിരുന്നു...
പെറുക്കിവച്ച കക്കയും ചിപ്പിയും
കടലുകൊണ്ടുപോകുന്നതപ്പഴും
നിസംഗനായി നോക്കിനിൽക്കുകയായിരുന്നു
ഉള്ളിന്റെയുള്ളിലെ കുട്ടി.

Thursday, March 21, 2019

പിടിവിട്ടുപോയ
ഇന്നലെകളുടെ
മുറുമുറുപ്പിലും
പറുദീസ നഷ്ട്ടപ്പെട്ട
'മാലാഖ'യ്ക്കും
പോകാനിടങ്ങളുണ്ടായിരുന്നു,
കൂട്ടിനിരുട്ടുണ്ടായിരുന്നു

വെളിച്ചത്തിന്റെ മടുപ്പിക്കുന്ന
തെളിച്ചം കവർന്ന
ഉറക്കച്ചടവും;
ക്രോധത്തിന്റെ
അടരുകൾ
പൊഴിഞ്ഞിളകുന്ന
തീ പിടിച്ച
തലച്ചോറും

തലയ്ക്കുമീതെ
ഉരുണ്ടുകൂടുന്ന
തീമേഘങ്ങളെ
കരിച്ചുണക്കാൻ;
അവനു
കണ്ണീരുവേണമായിരുന്നു

Sunday, March 10, 2019

തിരികെ...

ചുണ്ടിൽത്തട്ടി
തിരിച്ചുപോകുന്ന
ഉപ്പു കാറ്റിന്റെ മണം,
തിരകളുമ്മവച്ചു പോയ
തീരത്ത്;
ഓർമ്മകൾ കൂട്ടിവെച്ച
മണൽക്കൊട്ടാരം,
ആരോ കൊറിച്ചുപോയ
കടലത്തൊണ്ടുകൾ,
ഉപേക്ഷിപ്പെട്ട
പിഞ്ഞാണങ്ങൾ,
കടലും കാത്തുകിടക്കുന്ന
വഞ്ചി,
തുഴഞ്ഞു പോകുന്ന
കാറ്റ്,
ഇളിച്ചു കാട്ടി
തിരിച്ചുപോകുന്ന
തിരയ്ക്കൊപ്പം,
പിരിഞ്ഞു
പോകുകയാണ്
ഓരോ
പകലുകളും...

Friday, March 8, 2019

മന്ത്രം
* * * *

ഇരുട്ടിന്റെ ഓവുചാലിലേക്ക്
ആരോ തുറന്നുവിട്ട
വെള്ളമിരച്ചു കയറി,
അതിരാവിലേ
ഉണർന്നെണീറ്റ
കാപ്പിക്കപ്പ് നിറഞ്ഞിരുന്നു.
നിലാവ് വാർത്തു
വെച്ചതാകണം
നക്ഷത്രച്ചോറു വെന്തുകയറി,
കിച്ചണിന്റെ മൂലയിൽ
കിച്ചടിപ്പാത്രം കണ്ണിറുക്കി.
എന്നത്തേയും പോലെ
ഉപ്പുമാങ്ങാ ഭരണിയും
നിറഞ്ഞിരുന്നു,
മൊരിഞ്ഞ ദോശയ്ക്ക്
കൂട്ടുപോകാൻ,
വിസിലടിച്ചു കൂട്ടുന്നുണ്ടായിരുന്നു
ഒരു 'കുക്കറ്'...






Tuesday, March 5, 2019

തീവണ്ടി

തീവണ്ടി
* * * * * *

ആശയുടെ
കൽക്കരികൾ
കത്തിത്തീർന്നിട്ടും,
കുതിച്ചു പായുകയാണ്
ഓർമ്മകളു തീവണ്ടി.
തുരുമ്പിച്ച
ബോഗികളിൽ-
ത്തട്ടുന്ന
മഴത്തുള്ളികളെ
പുന്നരിച്ചും,
ജനവാതിലുകൾ
തുറന്നിട്ടു
കുളിർക്കാറ്റുക-
ളേറ്റുവാങ്ങിയും,
നിലാവു
നിറച്ചോടുന്നുണ്ടത്.

Saturday, March 2, 2019

നേർക്കണ്ണാടി


പതിവുപോലെ
പത്രം വായിക്കുകയായിരുന്നു,
പ്രാന്ത്...
ചായക്കൊപ്പം
ചവക്കാറുള്ള
വാർത്തകളിലൊന്നിൽ
ഉടക്കിപ്പിടിച്ച കണ്ണ്;
ചുവന്ന
തലക്കെട്ടുകളോടിഞ്ഞ്
ചരമക്കോളത്തിൽ
മുഖം പൂഴ്ത്തി.

വീശിയടിച്ച
കാറ്റുകളിലൊന്ന്
പറപ്പിച്ചുകളഞ്ഞ
സ്പോർട്സ് പേജിനു
പിന്നാലെയോടിയ
മൂക്ക്,
മുത്തശ്ശിപ്ലാവിന്റെ
കടയ്ക്കലെ
ചക്കച്ചൂരിൽ
തളയ്ക്കപ്പെട്ടു.

അടുക്കളത്തോട്ടത്തിൽ
അരിഞ്ഞു വീഴ്ത്തിയ
വാഴപ്പിണ്ടിക്കു
കൂട്ടുപോയിരിക്കുകയായിരുന്ന
നാക്ക്,
'മൊളഞ്ഞീ'നൊട്ടിപ്പിടച്ച
ചുണ്ടുകൾക്കുള്ളിൽ
തടവുകാരനായിക്കഴിഞ്ഞിരുന്നു.

കാതടച്ചു പെയ്ത
പെരുമഴയൊന്നിൽ
ഒന്നിച്ചൊലിച്ചു പോകവെ,
കച്ചിത്തുരുമ്പു തേടി
ചങ്ങലകളിൽ തന്നെ
അമർത്തിപ്പിടിക്കുന്നുണ്ട്
കാലം...