തലയിലെഴുത്ത്
''അലറിക്കരയുന്ന കാറ്റിന്റെ കാലു തല്ലിയൊടിക്കാൻ മോഹമുണ്ടായതുകൊണ്ടായില്ല; കാറ്റിന് കാലുണ്ടാകേണ്ടതും അത്യാവശ്യമാണ്.'
എഴുതിക്കഴിഞ്ഞ അനാവശ്യങ്ങളത്രയും ചവറ്റുകൊട്ടയിലേക്ക് തട്ടിയിട്ട് പിന്നെയും ഒരു സിഗരറ്റ് കത്തിച്ചു, ഒന്നാഞ്ഞു വലിക്കാൻ ചുണ്ടോട് ചേർക്കവെ ആരോ പിന്നിൽ നിന്നു തടയുന്നതായി തോന്നി... കയ്യിലിരുന്നെരിയുന്ന പുകത്തണ്ട് നിമിഷാർദ്ധത്തിൽ മറ്റൊരു ചുണ്ടിലേക്ക് മാറ്റപ്പെട്ടതിൽ കുണ്ഠിതം തോന്നിയെങ്കിലും വിറക്കുന്നയീ തണുപ്പിൽ മറ്റെന്തെങ്കിലും തടഞ്ഞേ തീരൂ... ഒരു കട്ടനിടാനാലോചിച്ചതാണ് വാടക കുടിശികയിലോ പലചരക്കിന്റെ തുണ്ടിലോ പങ്കുപറ്റാത്തവന് അടുക്കളയിൽ പൂച്ചക്കുള്ള സ്വാതന്ത്ര്യം പോലും അപ്രാപ്യമാണല്ലോ... എഴുത്തുമേശയുടെ വെട്ടം തന്നെ ധാരാളിത്തമാണിവിടെ; വേറൊന്നും ചെയ്യാനില്ലാതിരിക്കുമ്പോൾ മറ്റെന്തൊന്നാണ് ചെയ്യുക...
നമ്പറുകൾ തേഞ്ഞു പോയൊരുടഞ്ഞ റിമോട്ട് ചിലപ്പൊഴൊക്കെ അയാളെ ഒരു രാജകുമാരനാക്കി മാറ്റാറുണ്ടെങ്കിലും പഴകിത്തേഞ്ഞ ഇമേജുകളും നിരന്തരമായ ടി.വി. കാണലുകളുമുണ്ടായിക്കിയെടുത്ത മടുപ്പും ആ ആശ്വാസവും ഏതാണ്ടു കാർന്നു തിന്ന മട്ടാണ്...
തന്റെ പഴയ ജീവിതവുമായിത്തട്ടിച്ചു നോക്കുമ്പോൾ എഴുതുന്നതിൽ തരിമ്പും കുറ്റബോധം വേണ്ടെന്നയാൾക്കുറപ്പായിരുന്നു.
സ്ഥിരവരുമാനം സ്വസ്ഥതയുടെ താക്കോലല്ലെന്ന് മനസിലാക്കിയതുകൊണ്ടാകണം എഴുത്തിൽ മുഴുവനും അലസത പടർന്നത്; അതറിഞ്ഞുകൊണ്ടു ചെയ്തതാണെങ്കിലും മനപ്പൂർവ്വമല്ല...
വാക്കുകളോടാദ്യമായി അയാൾക്ക് കെറുവു തോന്നി, നാനാർത്ഥങ്ങൾ സൃഷ്ട്ടിക്കുന്ന തലവേദനകൾ ദൈന്യതയുടെ ഗോഷ്ടി കാണിക്കുമ്പോൾ; വിക്സു ഡപ്പിയേക്കാൾ എറിഞ്ഞിടാൻ നല്ലത് ചില്ലുകുപ്പിയിലെ ചുവന്ന ടൈഗർ ബാം തന്നെയെന്നുള്ളിൽ ഉറക്കെപ്പറഞ്ഞ അയാൾ, അമർഷം കടുംചായയാക്കി കുടിച്ചറക്കി, യാഥാർത്ഥ്യത്തിലേക്കിറങ്ങി വരികയും
കഥാപാത്രത്തിന്റെ നിവർത്തികേട് തനിക്കില്ലെന്നോർക്കുകയും ചെയ്തു.
ഗ്യാസോ, ഇൻഡക്ഷനോ ഓൺ ചെയ്താൽ തനിക്കു തന്നെ ഒരു ചായ തരപ്പെടുത്താവുന്നതേയുള്ളൂ,
കട്ടൻ ചായയെന്ന് ഇത്തിരിയുറക്കെയൊച്ചയിട്ടാൽ മുറുമുറുത്തിട്ടായാലും എടുത്തുതരാൻ, അപ്പുറത്തമ്മയുണ്ട്.
ഇരുട്ടുപുതച്ച രാത്രി സമ്മാനിക്കുന്ന സുഖമുള്ള യീത്തണുപ്പിൽ വായിലേക്കൂളയിടപ്പെടുന്ന ചായത്തുള്ളികളേപ്പോലെ തനിക്കും എവിടേക്കിങ്കിലുമൊക്കെ വെച്ചു പിടിക്കാവുന്നതേയുള്ളൂ.
ഒരു 'ചായ'യായി മാറിരുന്നെങ്കിൽ; വൈരുദ്ധ്യങ്ങളെക്കുറിച്ചോർക്കാതെ, ഭയപ്പെടാതെ, ഭാവിയുടെ അനിശ്ചിതത്വങ്ങളോട് മുഖം തിരിക്കാതെ, തിരിഞ്ഞു നടന്നിരുന്നുവെങ്കിലോയെന്നാകുലപ്പെടാതെ, അസ്ഥിത്വ നഷ്ട്ടത്തെയറിയാതെ; ഇന്നലത്തെ മഴവെള്ളമായി പെയ്തു തോർന്ന് കിണറ്റിലെ തവളപ്പൊട്ടുകൾക്കു വീടൊരുക്കി അടുക്കള ടാപ്പിലൂടൊഴുകിത്തിളച്ചു തേയിലക്കടുപ്പത്തിലേക്കലിഞ്ഞൊരൽപംമധുരത്തോടൊപ്പം ഏതെങ്കിലുമൊരന്നനാളത്തിലേക്കോ ഓടയിലേക്കോ ഒടുങ്ങിയൊഴുകിയേനെ...
ആമാശയക്കുഴമ്പിലെ നനവായോ, വഴിവക്കിലെ മൂത്രച്ചാലിലിലെ കരടായോ, മഴവിത്തു വിതക്കുന്ന കരിമ്പാടങ്ങളിലൊന്നിലെ കണ്ണിയായോ, കണ്ണി മാങ്ങയായോ ശിഷ്ട്ടകാലം കഴിക്കേണ്ടിവരികയെന്നാശങ്കപ്പെടാതെ, നാവിലെ രസമുകളങ്ങളിൽ മാത്രം കണ്ണുവെക്കുന്ന അർജ്ജുനനായിത്തീർന്നുവെങ്കിൽ;
ഒരു ചായയായി മാറിയിരുന്നുവെങ്കിൽ...
മാറ്റത്തെക്കുറിച്ചുള്ള ആ ഓർമ്മ മുൻപെങ്ങുമില്ലാത്തവണ്ണം
അയാളെ മോഹിപ്പിക്കുകയും ചായക്കോപ്പയിൽ വശ്യമായൊരു പുഞ്ചിരിവിടരുകയും ചെയ്തു.
എഴുത്തുകാരൻ കഥാപാത്രത്തിലേക്കാവേശിക്കപ്പെടുന്നതായും കഥ ജീവിതമാകാൻ തുനിയുന്നതായും അയാൾക്കു തോന്നി.
എഴുത്തുനിർത്തി ഒരു കടുംചായ കുടിക്കാനായും മുൻപെ വിറച്ചുവീണ പേനത്തുമ്പുകളിൽ നിന്നും കിനിഞ്ഞിറങ്ങിയ മഷി, ചുവന്നു തുടങ്ങുകയും അത് വിരൽത്തുമ്പിലെ വിയർപ്പുതുള്ളികളോട് ചേർന്ന് പടർന്നൊഴുകുകയും ചെയ്തു.'
തലപൊട്ടിയൊലിക്കുന്ന ചോരത്തുള്ളികളെ ഭയന്നാണ് ഭ്രാന്തൻ അലറിവിളിക്കുന്നതെന്ന് മനസിലാക്കിയ 'മാലാഖ' ബാനറുകളിലൊന്ന് നെടുക കീറി മുറിവിനെ വരിഞ്ഞു കെട്ടി...