Friday, January 18, 2019

I.

പുകഞ്ഞു
പുകഞ്ഞ്
തീ തുപ്പാൻ
കെൽപ്പില്ലാതെ
'ഉരുകി'ത്തീർന്ന
അഗ്നി
പർവ്വതങ്ങളിലൊന്ന്
അകലെയൊരു
സെമിത്തേരിയിൽ
ആണ്ടിലൊരിക്കൽ
വിരുന്നെത്തുന്ന
ഉറ്റവരെയും
പ്രതീക്ഷിച്ചിരുന്നു.

II.

പുകഞ്ഞു
പുകഞ്ഞ്
ശ്വാസം
നിലച്ചുപോകാറായ
തീവണ്ടികളിലൊന്ന്
വീണ്ടും,
തൊണ്ടപൊട്ടി കൂകി,
തേഞ്ഞിളകിയ
പാളങ്ങളിലൂടെ
പാഞ്ഞു
പ്രതിഷേധിച്ചുവെങ്കിലും
ചങ്ങല
വലിക്കാനാളുണ്ടായിരുന്നില്ല.

III.

പുകഞ്ഞു
പുകഞ്ഞ്
ചുണ്ടിലെരിഞ്ഞ
സിഗരറ്റു
കുറ്റി
കണ്ണെരിക്കുകയും
കരളിലാഞ്ഞു
കുത്തുകയും
ചെയ്തിട്ടും
മേശവലിപ്പിലും
കീശയിലും
പുകമണമാത്രം
നിറഞ്ഞു.

IV.

പുകഞ്ഞു
പുകഞ്ഞ്
തലമുറകളുടെ
കണ്ണീർക്കറകളേറ്റിയ
അടുക്കളകൾ;
തീയില്ലാതെ
വേവിച്ചു;
ആളനക്കമില്ലാത്ത
തീൻമേശകൾക്കു
വിരുന്നൊരുക്കി,
പുതുരുചികൾ
പരിചയിച്ചുവെങ്കിലും
ഇല്ലാത്തീയിൽ
വെന്തുരുകിയൊഴുകാൻ
പാചകക്കാരികളെ
നിരന്തരം
അന്വേഷിച്ചുകൊണ്ടേയിരുന്നു...

0 comments:

Post a Comment