മരണമിറങ്ങിപ്പോകുമ്പോൾ
അവശേഷിപ്പിക്കുന്ന
നിശബ്ദതയിലേക്കാണ്
ഓരോ മരണമണികളും
തുളഞ്ഞെത്തുന്നത്...
കൃത്യമായ ഇടവേളകളിൽ
ആവർത്തിക്കപ്പെടുന്ന
ഒറ്റക്കിലുക്കം
എല്ലാകാതുകളിലുമലയടിക്കുമ്പോൾ
പരേതൻ മാത്രം കാതടച്ച്
മരണത്തിന്റെ
നിശബ്ദതയിലലിഞ്ഞു-
ചേർന്നുറങ്ങും...
പൊരിവെയിലിൽ
നിലാവെക്കാത്ത്
ജാലകം തുറന്നിട്ടൊരാൾ
മണിയൊച്ചയിൽ
മരണത്തെ 'കാണുകയും',
വ്യർത്ഥമായി
വ്യസനിക്കുകയും ചെയ്യും...
നിലച്ചുപോയ
ഹൃദയതാളത്തിന്റെ
ഓർമ്മകളിലെന്നോണം
മുഴക്കമാവർത്തിക്കപ്പെടുകയും
ജീവനുള്ളവർ
താന്താങ്ങളുടെ
ലോകങ്ങളിലേക്ക്
തിരികെപോവുകയും ചെയ്യും...
0 comments:
Post a Comment