Sunday, January 20, 2019

'പൂച്ച'


പിന്നെയും
പടവുകളിലൊന്നിൽ
ഉരുണ്ടുവീണ
പൂച്ച
പിടഞ്ഞെഴുന്നേറ്റു;
ഒന്നന്തിച്ച്
മാനംനോക്കി
മോങ്ങി...

വീഴ്ചക്കു
കാഴ്ചക്കാരില്ലെ-
ന്നുറപ്പിക്കാൻ
ഇരുകണ്ണുകളും
ഇറുക്കിയടച്ചു,
ചുറ്റും
മതിലുസൃഷ്ട്ടിച്ചു...

വിജയമാഘോഷിക്കാൻ
കടൽക്കരയിൽ
കാറ്റുകൊള്ളുകയും,
മറ്റാരോ
വലിയിലുപേക്ഷിച്ച
മുഴുത്ത
മീനുകളിലൊന്നിനെ
പിടിച്ചകത്താക്കുകയും ചെയ്തു.

വിശപ്പു കെട്ടു
'വെളിവുവന്നപ്പോൾ'
തിരുനെറ്റിയിൽ
മുഴച്ചെത്തിയ
മുറിപ്പാടിൽ
കണ്ണുടക്കിയ പൂച്ച;
കുണ്ഠിതപ്പെട്ടു
അടുത്ത
മയക്കത്തിലേക്ക്
മടങ്ങി...

Friday, January 18, 2019

I.

പുകഞ്ഞു
പുകഞ്ഞ്
തീ തുപ്പാൻ
കെൽപ്പില്ലാതെ
'ഉരുകി'ത്തീർന്ന
അഗ്നി
പർവ്വതങ്ങളിലൊന്ന്
അകലെയൊരു
സെമിത്തേരിയിൽ
ആണ്ടിലൊരിക്കൽ
വിരുന്നെത്തുന്ന
ഉറ്റവരെയും
പ്രതീക്ഷിച്ചിരുന്നു.

II.

പുകഞ്ഞു
പുകഞ്ഞ്
ശ്വാസം
നിലച്ചുപോകാറായ
തീവണ്ടികളിലൊന്ന്
വീണ്ടും,
തൊണ്ടപൊട്ടി കൂകി,
തേഞ്ഞിളകിയ
പാളങ്ങളിലൂടെ
പാഞ്ഞു
പ്രതിഷേധിച്ചുവെങ്കിലും
ചങ്ങല
വലിക്കാനാളുണ്ടായിരുന്നില്ല.

III.

പുകഞ്ഞു
പുകഞ്ഞ്
ചുണ്ടിലെരിഞ്ഞ
സിഗരറ്റു
കുറ്റി
കണ്ണെരിക്കുകയും
കരളിലാഞ്ഞു
കുത്തുകയും
ചെയ്തിട്ടും
മേശവലിപ്പിലും
കീശയിലും
പുകമണമാത്രം
നിറഞ്ഞു.

IV.

പുകഞ്ഞു
പുകഞ്ഞ്
തലമുറകളുടെ
കണ്ണീർക്കറകളേറ്റിയ
അടുക്കളകൾ;
തീയില്ലാതെ
വേവിച്ചു;
ആളനക്കമില്ലാത്ത
തീൻമേശകൾക്കു
വിരുന്നൊരുക്കി,
പുതുരുചികൾ
പരിചയിച്ചുവെങ്കിലും
ഇല്ലാത്തീയിൽ
വെന്തുരുകിയൊഴുകാൻ
പാചകക്കാരികളെ
നിരന്തരം
അന്വേഷിച്ചുകൊണ്ടേയിരുന്നു...

Saturday, January 12, 2019

മരണമിറങ്ങിപ്പോകുമ്പോൾ...




മരണമിറങ്ങിപ്പോകുമ്പോൾ
അവശേഷിപ്പിക്കുന്ന
നിശബ്ദതയിലേക്കാണ്
ഓരോ മരണമണികളും
തുളഞ്ഞെത്തുന്നത്...

കൃത്യമായ ഇടവേളകളിൽ
ആവർത്തിക്കപ്പെടുന്ന
ഒറ്റക്കിലുക്കം
എല്ലാകാതുകളിലുമലയടിക്കുമ്പോൾ
പരേതൻ മാത്രം കാതടച്ച്
മരണത്തിന്റെ
നിശബ്ദതയിലലിഞ്ഞു-
ചേർന്നുറങ്ങും...

പൊരിവെയിലിൽ
നിലാവെക്കാത്ത്
ജാലകം തുറന്നിട്ടൊരാൾ
മണിയൊച്ചയിൽ
മരണത്തെ 'കാണുകയും',
വ്യർത്ഥമായി
വ്യസനിക്കുകയും ചെയ്യും...

നിലച്ചുപോയ
ഹൃദയതാളത്തിന്റെ
ഓർമ്മകളിലെന്നോണം
മുഴക്കമാവർത്തിക്കപ്പെടുകയും
ജീവനുള്ളവർ
താന്താങ്ങളുടെ
ലോകങ്ങളിലേക്ക്
തിരികെപോവുകയും ചെയ്യും...

Friday, January 11, 2019

തിരികെ ചെല്ലാൻ
ഇടവഴികളവസാനിക്കുന്നിടത്ത്
ചെമ്പരരത്തിയും, പിച്ചിയും
ഒരുചെറുമുല്ലത്തണലും
അതിരിടുന്നൊരു -
വീടുണ്ടായിരുന്നുവെങ്കിൽ;
ഇരുണ്ട നടവഴിക്കപ്പുറത്തെ
കരി വെയിലിൽ
തടവറത്തൂണുകൾക്കരികെ
വാടിത്തുടങ്ങിയ
ജമന്തിത്തണ്ടുകൾക്കു
നനവേറ്റുവാൻ വീണ്ടും;
ഞാൻ തലകുനിച്ചു
ചെല്ലാതിരുന്നേനെ...

Monday, January 7, 2019

ചത്തുപോയവന്റെ
ചങ്കിന്
കൂട്ടിരിക്കയാണ്
ഒരീച്ച!

ഇരച്ചു കയറുന്ന
തണുപ്പിന്റെ
മടുപ്പിൽ
ഞെരങ്ങുന്ന
ആംബുലൻസ്
വെളിച്ചമകന്നപ്പോൾ
കുണ്ഠിതപ്പെടുകയും,
ഇടയ്ക്കൊന്നു
പറന്ന്
മൂക്കിൻ
തുമ്പിലിരിക്കയും;
ശ്വാസമില്ലെന്നു-
റപ്പാക്കുകയും
ചെയ്യുന്നുമുണ്ടത്.

ഇൻക്വസ്റ്റിനു വന്ന
പോലീസു തൊപ്പിയിൽ
ഒന്നമർന്നിരുന്ന്
ചത്തുപോയവന്റെ
പ്രതിഷേധമറിയിച്ച
ഈച്ച;
വിശന്നു വന്ന
തെരുവുപട്ടിയെ
ഉറ്റവർക്കൊപ്പം-
ചേർന്നാട്ടിപ്പായിച്ചു.

മുറ്റത്തെ
മുത്തന്മാവെ
ഒന്നവസാനമായി
വട്ടമിട്ടു,
ചുറ്റുമിരുന്നു
കരയുന്നവർക്കിടയിൽ
പറന്ന്
ആശ്വാസത്തിന്റെ
കാറ്റുനൽകാൻ
ശ്രമിക്കുന്നുമുണ്ടത്...