Thursday, May 31, 2018

സ്കൂൾ നൊസ്റ്റു...

നാളെ ഉസ്കൂളു തൊറക്കാണ്, മൂന്നു വയസു മുതല് പോയിത്തൊടങ്ങീതുമാണ് ഇനീം പോവാൻ യാതൊരിൻട്രസ്റ്റുമില്ല, പക്കേങ്കില് ഇക്കാലമത്രയും ഉസ്കൂളിപോയത് പഠിച്ചു 'പണി' കിട്ടാനാണല്ലോന്നാലോയ്ക്കുമ്പോൾ പൂവാണ്ടേം പറ്റില്ല... പഠിച്ചു പണികിട്ടീതും ഒരസ്കൂളീലന്നെ അപ്പൊ പിന്നെ പൂവ്വന്നെ അല്ലാണ്ടെന്താ ചെയ്യാ... ന്നാലും പണ്ടു മുതലേ കൂടള്ള മടിക്ക് ഇട്ടട്ട് പോവാനും വെഷമണ്ട്..

'April is   the cruelest month' ന്നൊക്കെ വെർതേ പറേണതാണ്, ജൂണിനേക്കാൾ ബെടക്കായ ഒരു മാസം ഈ ഭൂലോകത്തിലില്ല... Being sarcastic ന്നൊക്കെ ചുമ്മാതെഴുതണതാണ്, അതാണല്ലോ ഇപ്പളത്തെ ഒരു ട്രെന്റ്... മുകളിലെഴുതിയതൊക്കെ പച്ചയായ  നഗ്ന സത്യങ്ങൾ മാത്രം...

നാളെ സ്കൂൾ തുറക്കുമ്പോൾ പുത്തനുടുപ്പും ബാഗുമൊക്കെ റെഡിയാക്കി ചാടി പുറപ്പെടാനിരിക്കുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ടെന്നറിയാം, നാളെ പോണല്ലോന്നാലോയ്ച്ച് സെന്റിയടിച്ചിരിക്കണോരും, കൂട്ടുകാരെ കാണാതെ വീർപ്പമുട്ടുന്നവരുമൊക്കെ കൂട്ടത്തിലുണ്ടാകാം.

അവധിക്കാലത്ത് ഡയറിയെഴുതാനും മറ്റും ഹോം വർക്ക് കിട്ടിയിട്ടുള്ളവരിൽ  അതഭിമാനപുരസരം ചെയ്‌തുതീർത്തവരും, തലേന്നു ഡയറിവാങ്ങി വീട്ടുകാരുടെ മണ്ടക്കു വെയ്ക്കുച്ചവരും, അതാലോയ്ച്ചു ട്ടെൻഷനടിക്കണോരും, അങ്ങനൊരു കാര്യമേ മറന്നു പോയവരുമുണ്ടാകാം...

ഇപ്പഴത്തെ കാലത്ത് എട്ടാം ക്ലാസുവരെയൊക്കെ കണ്ണുമടച്ചു ജയിപ്പിക്കുകയാണല്ലോ... ഗ്രേഡിംഗ് ബാച്ചാണെങ്കിലും ഞങ്ങടെ കാലത്തീ പരിപാടിയുണ്ടാർന്നില്ല... മെയ് ആദ്യം ഉസ്കൂളിന്റെ നോട്ടീസ് ബോർഡിൽ ജയിച്ചവരുടെ വില വിവരപട്ടിക പ്രസിദ്ധീകരിക്കും, വാട്ട്സാപ്പും ഫേസ്ബുക്കുമൊന്നും ഇല്ലാത്തോണ്ട് സ്കൂളിൽ പോയി നോക്കാതെ മാറ്റു മാർഗ്ഗങ്ങളൊന്നുമില്ല...

മൂന്നിലും അഞ്ചിലും ആറിലുംമൊക്കെ പഠിപ്പിക്കുന്നവരുടെ റിസൾട്ടിനൊക്കെ പുല്ലുവിലയായിരുന്ന കാലം... ജയിച്ചോന്നു പോയി നോക്കണ്ടേന്നൊരു ഭാവം പോലും വീട്ടുകാർക്കില്ല.

ജയിച്ചോന്ന് ചോയ്ക്കണരോട് ആത്മവിശ്വാസത്തോ യെസ് മൂളിയിരുന്നത് ഏതൊണ്ടൊരു ഇരുപത്തൊൻപതാം തിയ്യതിയാവുമ്പോഴേക്കും ഗംഭീര ടെൻഷനിലേക്കു വഴിമാറും... ഇനിയെങ്ങാനും തോറ്റുകാണുമോ?
സ്കൂളിലെത്തി പഴേ ക്ലാസീന്ന് ടീച്ചർ പേരു വിളിച്ച് അടുത്ത ക്ലാസിലിരുത്തുമ്പോഴേ ചങ്കടിപ്പു മാറൂ...

അപ്പോഴേക്കും അടുത്ത പ്രശ്നം തലപൊക്കുകയായി, നാലഞ്ചു ഡിവിഷനുണ്ടേ നമ്മുടെ ചങ്കുകളൊക്കെ വേറെ ഡിവിഷനിലായാൽ  തീർന്നില്ലേ! പച്ചക്കറിക്കടേലെ സാമ്പാറുകഷ്ണത്തിനെടുക്കുന്ന കുമ്പളങ്ങ പോലെ മിക്കവാറും നാലും നാലുപാക്കറ്റിൽ അഥവാ ഡിവിഷനിലായിക്കാണും... പിന്നെ കരച്ചിലായി പിഴിച്ചിലായി സ്നേഹള്ളോരുടെ അമ്മമാര് ശുപാർശകളുമായി വന്ന് ഡിവിഷൻ മാറ്റിക്കലായി... PTA മീറ്റിംഗിനു തന്നെ വല്ലപ്പളും വരണ ഇമ്മടാൾക്കാരോടെന്തു പറയാൻ...

ആഹാ! ഇപ്പളാലോചിക്കുമ്പോൾ അന്നത്തെ 'ഇന്റർനാഷണൽ' പ്രശ്‌നങ്ങൾ എന്തു സിമ്പിളാലേ...
ബ്രൗൺ പേപ്പറിനു പകരം പഴേ കലണ്ടറിട്ടു പൊതിഞ്ഞിരിക്കുന്ന സ്വന്തം പുസ്തകങ്ങളെ നോക്കി ഉള്ളിൽ അയ്യേ! ദാരിദ്രം ന്ന് പറഞ്ഞിരുന്ന കുട്ടിക്കാലം

ഇക്കാലത്ത് സ്കൂളിൽ പോണത് അത്ര വല്യ പ്രിവിലേജൊന്നുമല്ലെമല്ലെങ്കിലും അതുപോലും നിഷേധിക്കപ്പെടുന്ന ഒരുപാടു ബാല്യങ്ങൾ ചുറ്റിനു മുണ്ടെന്നോർക്കുമ്പോൾ... ഇപ്പഴും തുടരുന്ന 'സമാധാന യുദ്ധങ്ങളിൽ' ചിലതിൽ തകർന്നു വീണ വിദ്യാലയങ്ങളിലെ കുരുന്നുകളെയോർക്കുമ്പോൾ, പഠിക്കാനാഗ്രഹിച്ചു വെന്ന കുറ്റത്തിന് വെടിയേറ്റു വീണ മലാലയെയോർക്കുമ്പോൾ, അവളെ പൊതിഞ്ഞു പിടിച്ച കൂട്ടുകാരായോർക്കുമ്പോൾ , അക്ഷരങ്ങൾ കൈപിടിച്ചുയർത്തിയ കുടുംബങ്ങളോർക്കുമ്പോൾ... ദാസാ... സ്കൂളൊരു ഭീകരജീവിയല്ല... ☺☺☺

അഗ്നിച്ചിറകുകളൽ അബ്ദുൾ കലാം വിവരിച്ചിരുന്നതു പോലെ വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാത്ത ജാതിമതഭേതങ്ങളില്ലാത്തത നന്മയുള്ള വിദ്യാലയങ്ങളിൽ നമ്മുടെ മക്കളൊരുമിച്ചിരുന്നു പഠിക്കട്ടെ...

Friday, May 25, 2018

കടലു കാണുമ്പോൾ...

'ഇന്നെന്താ മമ്മീ കൂട്ടാൻ'

'സാമ്പാറ്'

'യോ
 സാമ്പാറാണോ... എന്നോടീ ചതി വേണ്ടാർന്നു, ന്ന് സ്കൂളിപോണംന്ന് ഞാൻ നേർത്തേ പറഞ്ഞതല്ലേ ഞാനിനി എങ്ങനെ ചോറ് കൊണ്ടോവും...' 😞

'വേണെങ്കിൽ കഴിച്ചാ മതി ഇവിടെ വേറൊന്നൂല്യ'😡

ചോറെടുക്കുന്നു തട്ടി വിടുന്നു.

'ആഹാ എത്ര പെട്ടന്നാ പാത്രം ക്ലീനായത്🤨 ഉച്ചക്കുവേണേൽ പപ്പടം വറുത്ത് തരാം'

' എനിക്കുച്ചക്കു കൊണ്ടവാൻ ചോറു വേണ്ട... അല്ലെങ്കി വേണ്ട പപ്പടം വറത്തതായിക്കോട്ടെ...'

'ഉം'

'ഇന്ന് മീൻ വെല്ലതും കിട്ടീണ്ടോ'

'ഇണ്ട്, ചെമ്മീൻ'

'😃'

പറഞ്ഞു വന്നത് പച്ചക്കറികൂട്ടി ചോറുണ്ണാനിത്തിരി വിഷമമാണ്, സാമ്പാറാണെങ്കിൽ അതിത്തിരി കൂടുംന്ന് മാത്രം... (എനിക്കങ്ങനെ വല്യ ഡിമാന്റാെന്നുമില്ലാട്ടോ, അച്ചാറും ചോറും കിട്ടിയാൽ ഹാപ്പി)

പിന്നെ ചെമ്മീനാെക്കെയാണെങ്കിൽ 'ബഹുത്ത് ഹാപ്പി' നാരാങ്ങാവെള്ളം കൂട്ടിവരെ വേണേൽ കഴിക്കും, നിപ്പാ ഭീതിയുള്ളതു കൊണ്ട് ചിക്കനെ തൊടാൻ പറ്റില്ല. അതുകൊണ്ടു 'മീൻ തൊട്ടു കൂട്ടി' അഡ്ജസ്റ്റ് ചെയ്യുന്നു...

മഴക്കാലത്തെ കടലനുഭവങ്ങൾ കുറവാണ്, ഇല്ലെന്നു തന്നെ പറയാം. കലിയടങ്ങാത്ത കാലവർഷങ്ങളെക്കുറിച്ചും ആർത്തിരമ്പുന്ന മരണത്തിരകളെ കുറിച്ചും കേട്ടറിവു മാത്രം. വേനലിലെ വൈകുന്നേരങ്ങളിൽ കാലിലൊന്നു തലോടി തിരികെ പോകുന്ന തിരകളെ മാത്രം ശീലിച്ചിട്ടുള്ളതിനാൾ കടലെന്നും സുഖമുള്ളൊരോർമ്മയാണ്.

ഇതാദ്യമായാണ്‌ മഴയത്ത് കടലു കാണുന്നത്, രൂപ ഭാവവും മാറി രൗദ്രതാളത്തിൽ തീരത്തേക്കടിച്ചു കയറുന്നുണ്ട് തിരകൾ, അതേ പശ്ചത്താലത്തിൽ തിരയുരുട്ടിയിട്ടിരിക്കുന്ന സംരക്ഷണ ഭിത്തിയിലെ ഭീമൻ കല്ലുകളും കാണുമ്പോൾ ഭീതിയൊന്നിരട്ടിക്കും.

കടലുകലി തീർത്തതാകണം, വിള്ളലുകൾ വീണ സാമാന്യം ഭേദപ്പെട്ട വീടുകൾ ആളും ആരവുമൊഴിഞ്ഞു പുല്ലു മൂടി കിടക്കുന്നു. മുൻപും ഒരുപാടു തവണ ഈ  വഴിക്കു  പോയിട്ടുണ്ടെങ്കിലും ഈ കാഴ്ചകളൊന്നും തന്നെ കണ്ടിരുന്നില്ല, കാണാൻ ശ്രമിച്ചില്ലെന്നതാകും കൂടുതൽ ശരി; മരക്കൂട്ടത്തിനിടയിൽ കടലുതിരയുക മാത്രമാണന്നു ചെയ്തിരുന്നത്.

പിന്നിലിരമ്പിയാർക്കുന്ന കടലനിനെ തെല്ലും വകവെക്കാതെ മുറ്റത്തെ വലയൂഞ്ഞാലിലാടുന്ന കുരുന്നുകൾ, ഓ ഈ തിരയെത്ര കണ്ടതാ എന്നൊരു  ഭാവം പോലും മുഖത്തില്ലാതെ തീരത്തെ ചായ്പുകളിലും ചായക്കടകളിലും സൊറ പറഞ്ഞിരിക്കുന്നവർ, വമ്പനൊരു ബ്ലോക്കിൽ പെട്ടതിനാലാകാം കടലിനെയൊന്നു കാണാൻ പോലും സമ്മതിക്കാതെ തീരത്തേറോപ്ലെയിൻ പറത്തുന്ന ബസ് ഡ്രൈവർ, ഷട്ടറൊന്നുയർത്തുക പോലും ചെയ്യാതെ കടലിനെ തീർത്തുമവഗണിക്കുന്ന സഹയാത്രികരിൽ ചിലർ അവരോടു വാശി തീർക്കാനെന്ന മട്ടിൽ കരിങ്കൽ ഭിത്തിയിലാർത്തടിക്കുന്ന തിരയും...

അങ്ങിനെ പരിചിതമായിരുന്ന പല ബിംബങ്ങളെയും പൊട്ടിച്ചിതറിച്ചു കളഞ്ഞ ഒരു യാത്രയായിരുന്നു ഇന്നത്തേത്.

ചീറിയടിക്കുന്ന തിരകളെ തീരെ വകവെയ്ക്കാതെ മറ്റൊരു കൂട്ടരുമുണ്ട് 'പൂച്ചക്കുട്ടികളുടെ വലിപ്പത്തിൽ' കടലിലോടിക്കളിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. ഓളത്തിലവ ചാഞ്ചാടുന്നതു കാണാൻ രസമുണ്ടായിരുന്നെങ്കിലും പേടിയാണുള്ളിതോന്നിയത്...  വേനൽ മഴയിൽ കടലിനിത്രക്കുമാറ്റമെങ്കിൽ മഴക്കാലമെത്ര ഭീകരമായിരിക്കും!

വിറച്ചു പോകുന്ന രാക്ഷസത്തിരകളിലേക്കു കാറ്റും കോളും നോക്കാതെ വഞ്ചിയിറക്കുന്നവരെ ഒരുനിമിഷമോർത്തു... ഇനിയും തിരിച്ചു വരാത്ത ചിലരെയും, അവരെ കാത്തുകാത്തിരിക്കുന്ന മങ്ങാത്ത പ്രതീക്ഷകളെയും...

ഒരു വിങ്ങലോടെയല്ലാതെ ഇന്നും വായിച്ചുതീർക്കാനാവാത്ത 'Riders to the Sea' മനസിലേക്കിരമ്പിയെത്തി. നമ്മുടെ തീൻമേശകൾക്കു രുചി കൂട്ടുവാൻ കടലിനെ ലക്ഷ്യമാക്കി അവരിനിയും പായും; തീരത്തു സ്വപ്നങ്ങളും പ്രതീക്ഷകളും ആവോളമുണ്ടെങ്കിലും അതിനുമപ്പുറത്താണല്ലോ വിശപ്പിന്റെ വിളി. തീരം മഴത്തണുപ്പു പുതച്ചുറങ്ങുമ്പോൾ ഓളപ്പരപ്പിൽ സ്വപ്നങ്ങൾക്കു ജീവൻ വയ്ക്കുകയാകും...

Thursday, May 10, 2018

ബസ് യാത്രക്കാർ പലതരമുണ്ടെങ്കിലും പുതിയൊരു തരം തിരിവുമായി അവതരിക്കുകയാണ്. നേരെ ചൊവ്വേ പോകേണ്ട സ്ഥലത്തേക്കുള്ള ബസിൽ കേറി സമാധാനമായി പോകുന്നവരും, ലിമിറ്റഡിൽ കയറി മുൻപേ പോകുന്ന ഓർഡിനറി ബസിൽ ഇടക്കു ചാടിക്കേറാൻ പ്ലാനിടുന്നവരും. ഇതിൽ തന്നെ മാല പോലെ മൂന്നു നാലു ബസിൽ മാറി കയറിപ്പറ്റേണ്ടവരുമുണ്ട്... ഇത്തരക്കാർക്കു ബസിൽ കേറിയാൽ മുന്നിൽ പോകുന്ന ബസുകളിലായിരിക്കും കണ്ണ്, മണിചിത്രത്താഴിലെ ചിത്തരോഗിയെപ്പോലെ ഉറക്കത്തിന്റെ ആഴമളക്കാനൊന്നും അറിയില്ലെങ്കിലും എതിരെ വരുന്ന ബസിന്റെ സ്ഥാനവും സമയവും ഗണിച്ച് മുൻപിൽ പോകുന്ന ഓർഡിനറി ബസിന്റെ ഭൂതം ഭാവി ചികഞ്ഞെടുക്കും... വളവുകളിലും തിരിവുകളിലും വച്ചു കാണുന്ന മിന്നായം പോലത്തെ കളറുവച്ച് ബസുകളെ തിരിച്ചറിയും അതിനി മുൻപിൽ എത്ര വലിയ വാഹനനിരയുണ്ടെങ്കിലും... നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ... പക്കേങ്കില് എല്ലാ ബസിനും ഒരേ കളറടിച്ചു വച്ചാല് ചുവന്ന മാരുതീല് മഞ്ഞക്കുപ്പായം ധരിച്ചെത്തുന്ന നായികയേയും കാത്തു നിന്ന നായകന്റെ ഗതികേട് റീൽ ലൈഫിൽ നിന്ന് റിയൽ ൈലഫിലെത്തും...
ഇത്തിരി ദൂരേന്ന് ബസിനു ൈകകാണിക്കാനും മ്മ്ടെ ഫ്രീക്കു ബസുകളുടെ മഴവില്ലഴകുകൾ സഹായിച്ചിരുന്നു. എല്ലാം കൂടി ഒരേ കുപ്പായട്ടു നിരന്നു നിന്നാല് ചുറ്റിപ്പോവൂട്ടോ...
ന്നാലും അടിപൊളി കളറോള് ഇള്ള ബസോള് കാണാനും അതീ കേറാനും ഇനീള്ള പിള്ളാർക്ക് പറ്റൂല്ലല്ലോന്ന് ആലോയ്ക്കുമ്പ സങ്കടണ്ട്ട്ടോ...

NB : സൂഷിച്ച് നോക്കണ്ട ഉണ്യേ ഇതെന്റെ കഥയല്ലാന്ന് ഞാൻ പറയില്യാട്ടാ...
ഗവൺമെന്റിന്റെ പരിഷ്കാരങ്ങളോട് ഇമ്മക്ക്ട്ട് പരാതീംല്യാട്ടാ...
എല്ലാം നല്ലേന്...