Monday, May 19, 2014

ആലീബാബ...


ഞാനുമൊരാലീബാബയാകുന്നു,
മന്ത്രം മറന്നു,
ഭീമാകാരനായ ഗുഹയ്ക്കു മുന്‍പില്‍
ഒന്നുറക്കെ കരയുവാന്‍ പോലുമാകാതെ
അന്ധകാരത്തിന്‍റെയീ ഇരുണ്ടകോണില്‍
പെട്ടുപോയൊരു കഴുത കണക്കെ
ഈ കറുപ്പിന്‍റെ കനപ്പില്‍
സ്വയമലിഞ്ഞില്ലാതകാന്‍ കൊതിച്ച
ഈയാം പാറ്റയെ പോലെ,
തീ നാളം സ്വപ്നംകണ്ട വിഡ്ഢി...
അതു മാത്രമാകുന്നു ഞാന്‍... :(

Sunday, May 18, 2014

വിശപ്പിന്‍റെ അവസാനം...

കണ്ണീരുപ്പുകലക്കിയ ചോറുണ്ടു
ഞാനിന്നലെ വിശപ്പടക്കി.
നാളത്തെ പശിയൊതുക്കാന്‍
വഴിയില്ലാഞ്ഞുഴറി നടന്നു,
ഓടി, പാഞ്ഞു...

പാച്ചിലില്‍ കുറുകേ ചാടാനൊരു
പാലമില്ലാതലഞ്ഞു...

ദൂരെ തുരുത്തിലൊന്നില്‍ വെളിച്ചം കണ്ടു.
വെള്ളിവെളിച്ചം... പ്രത്യാശയുടെ,
കരച്ചിലിന്‍റെ, കനിവിന്‍റെ,
കനലിന്‍റെ വെളിച്ചം!

അതൊരു ശവപ്പറമ്പായിരുന്നു...
എല്ലാ വിശപ്പുകള്‍ക്കുമവസാനം!

നഗരമുപേക്ഷിച്ച പ്രേതക്കൂമ്പാരം
തിരിയെ പോരാനാകാതെ,
ആശയറ്റ്, ആകാശത്തു വട്ടം കറങ്ങുന്നവരുടെ
സങ്കേതം; സമ്മേളനസ്ഥലം...

Friday, May 16, 2014

പാതിരയെ പ്രണയിച്ചയെന്നെ
നിദ്ര നിര്‍ദയം കയ്യൊഴിഞ്ഞു.
പുസ്തകത്തില്‍ മുഖം പൂഴ്ത്തിയയെന്നോടു
പഴയ പേനകള്‍ക്കും കൊപമെന്നറിയുന്നു...

വെളിച്ചത്തെയാശ്ലെഷിച്ചയെനിക്കെതിരെ
ഇരുട്ടു വക്കാലത്തു തുടരുകയാണ്
കവിളിനെ താങ്ങാന്‍ ഇടം കൈക്കു
ശക്തി പോരത്രേ...

മൂന്നുരൂപയ്ക്കു വാങ്ങിയ പുതിയ
പേന, മഷി തുവര്‍ത്തിക്കളഞ്ഞു
പണി നിര്‍ത്തി...
പഴയതുകള്‍ക്കെന്നോടു കെടുവാണല്ലോ...|

എത്ര ഞെക്കിയാലും പിണങ്ങാത്ത
കട്ടകളോടു; പേനകള്‍ തോറ്റ്പോകുന്നുവോ...
എഴുത്തു മറന്ന വലതനും; ഇടതനും
ആവേശത്താല്‍ 'കുത്തി' മറിയുമ്പോള്‍

കട്ടകളെന്‍റെ കണ്ണിലെ തെളിച്ചമൂറ്റുന്നു... :(

നിലാവിന്‍റെ നെറുകയില്‍, ഉച്ചിയില്‍
വെയില്‍...
തണലിന്‍റെ കര തേടി കിളിക്കൂട്ടം
ചേക്കേരാന്‍ ചില്ലകളില്ലാതിരുന്നവര്‍
ഇരുമ്പു കാലില്‍ തൂങ്ങുന്നു...
വേവുന്നു, പിടഞ്ഞ് ഒടുങ്ങുന്നു.
ഇണയെ മരണത്തിനുപേക്ഷിച്ചുപറക്കുന്നു...

ചുവപ്പു നാടയില്‍ കുരുങ്ങിയ മനുഷ്യരും...
കാലത്തിന്‍റെ കുരുക്കിലൊടുങ്ങുന്നു...

കരിവെയിലൊളിപ്പിച്ചു വച്ച
നിഴല്‍ക്കൂത്തുകാണാന്‍ പുറപ്പെട്ട
പാവ ഞാന്‍...
ചരടുകള്‍ നഷ്ടപ്പെട്ടു,
പാതകളവസാനിച്ചെങ്കിലും
ഉറവകളുടെ പോടുതേടി
മണ്ണിലലയുന്നു...