നുമ്മടെയൊക്കെ തലയിൽ നിലാവെളിച്ചമായോണ്ട് സുൽത്താനെക്കുറിച്ചെന്തെഴുതാൻ... 'പാത്തുമ്മേടെ ആട്' കൂടെ ഉണ്ടായതുകൊണ്ട് മാത്രം പത്താം ക്ലാസിലെ 'പഠിക്കലുകളെ' ഇഷ്ട്ടപ്പെട്ട; പീജീപ്പരീക്ഷയുടെ തലേന്നും ഉപ്പൂപ്പാന്റെ ആനവാൽത്തഴമ്പന്വേഷിച്ചു കരളിലൊരു നോവുമായി നടക്കുന്നവർക്ക് സുൽത്താന്റെ പുസ്തകങ്ങളിൽ തലവെച്ചുകരയാം, ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കാം, ഇല്ലാത്ത മാങ്കോസ്റ്റിന്റെ ചോട്ടില് ബോധോദയം ബരുന്നതും കാത്തിരിക്കാം...
ആടു തിന്ന 'ശബ്ദങ്ങൾ' ബയറ്റിൽ കോളിളക്കളുണ്ടാക്കുന്നതും നോക്കിയിരിക്കാം, വീട്ടുമുറ്റത്തെ മുയുത്ത ചാമ്പങ്ങളിൽ കണ്ണുവെക്കുന്നവരെ ആരാധക ഗണത്തിൽ പെടുത്താം, ഇത്താത്തമാരുടെ കെറുവുകളിൽ 'കോലിട്ടിളക്കാം'...
ഇമ്മിണി ബല്യ ഒന്നുതേടി പള്ളിക്കൂടങ്ങളിലലയാം, പത്തായത്തിലോ, തട്ടിൻപുറത്തോ, കട്ടിലുകൾക്കടിയിലോ വാരിത്തിന്നാൻ പഞ്ചാര ഭരണികൾ തിരയാം, കൈവിട്ടുപോയ 'ഭൂത'ത്തിന്റെ ഓർമ്മയിൽ 'ജന്മദിന'ങ്ങളിൽ പട്ടിണികിടക്കാം... നട്ടുച്ചയുച്ചിലുദിക്കും വരെയുറങ്ങി പ്രാതലും ഉച്ചയൂണും ലാഭിക്കാം... വെയിൽ മൂക്കുമ്പോൾ വിശപ്പിനെ പട്ടിണിക്കിടാം.... അത്താഴത്തിനു ഹോട്ടലുകളിൽ കാശുകൊടുക്കാൻ പേഴ്സുമായി വരുന്ന മനുസമ്മാരേം തിരഞ്ഞിരിക്കാം...
പാമ്പിനും പഴുതാരക്കും കേറാൻ വീടും തൊറന്നിട്ടിട്ട്; പടച്ചോന്റെ പടപ്പുകളിലൊന്നാകാം,
ഇല്ലാത്ത കടലാസുകളിൽ ഘടാഘടിയൻ ലേഖനങ്ങളെഴുതാം... അതിലെ വ്യാകരണപ്പിശകു തിരയുന്നവരെ കയിൽ കണകൊണ്ടു തല്ലാം, ആഖ്യയെ ആറ്റിലെറിഞ്ഞു; പുലരിയിൽ നീലവെളിച്ചം കാണുംവരെ മുങ്ങിക്കുളിക്കാം...