ആഴമുള്ള കുളങ്ങളിലേക്ക് പണ്ടു കല്ലുകളെറിഞ്ഞു കളിച്ചതോർക്കുന്നു. മഴക്കാലത്ത് നിറഞ്ഞു കിടക്കുന്ന പാടങ്ങളിലേക്ക് കല്ലുകളെറിഞ്ഞ് ഓളങ്ങളുണ്ടാക്കുന്നത് ആവേശം നിറഞ്ഞ ഒരു മത്സരയിനവും...
ഓളപ്പരപ്പിൽ കല്ലുകൾ തെന്നി നീങ്ങുന്നത് കാണാൻ കാഴ്ചക്കാരുമുണ്ടാകും,
ആവേശംമൂത്ത് കിട്ടിയകല്ലുകളെല്ലാം അതിവേഗത്തിലെറിഞ്ഞിടുന്നവരും അതിലും വേഗത്തിൽ അവ ആഴങ്ങളിലേക്ക് മുങ്ങുന്നത് നിസംഗമായി നോക്കി നിൽക്കുന്നവരുമാണധികവും; എന്നാൽ ചിലരാകട്ടെ കല്ലുകൾ തിരഞ്ഞെടുക്കുന്നതു തൊട്ടേ ജാഗ്രതയുള്ളവരായിരിക്കും അൽപം പരന്നതും ആകൃതിയൊത്തതുമായ കല്ലുകൾ തിരഞ്ഞെടുക്കുയും ഒരു നിശ്ചിത വേഗതയിൽ എറിഞ്ഞിടുകയും ചെയ്യും. കാഴ്ചക്കാരെ ആനന്ദ സാഗരത്തിലാറാടിച്ചും കൊണ്ട് രണ്ടോ മൂന്നോ തവണ വെള്ളപ്പരപ്പിൽ തെന്നിത്തെന്നിയാണ് കല്ലുതാഴ്ന്നു പോകുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
ഞാനടക്കമുള്ള അന്നത്തെ പീക്കിരികൾക്ക് തലങ്ങും വിലങ്ങും എറിഞ്ഞിട്ടിട്ടും പരപ്പിലോളങ്ങൾ സൃഷ്ട്ടിക്കുകയെന്നതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു... ഏഴിലധികം പ്രാവശ്യം കല്ലുകൾ കൊണ്ടോളം വെട്ടിച്ച പഴയപുലികളുടെ കഥകൾ കേട്ടു അവരന്തിച്ചു നിന്നു!
കുളങ്ങളും പാടങ്ങളും മെല്ലെ അപ്രത്യക്ഷമായെങ്കിലും കുളക്കരകളുടെ സുരക്ഷിതത്വത്തിലിരുന്ന് കല്ലെറിഞ്ഞിരുന്നവർ മാത്രം ശേഷിച്ചു.
അവർക്കു മുന്നിൽ പുതിയൊരു വെർച്വൽ ലോകവും തുറന്നു കിട്ടി.
ഉള്ളിലിരുന്ന കല്ലുകളോരോന്നും തേച്ചു മിനുക്കി പുതുപുത്തൻ പോസ്റ്റുകളാക്കി അവരെറിഞ്ഞിട്ടുത്തുടങ്ങി...
പട്ടിണിമരണവും കവർച്ചയും പാതകകളും ഒറിജിനൽ മുങ്ങലുകളും ജീവിതവും മരണവുമെല്ലാം അവർക്കെറിയാനുള്ള കല്ലുകളായി...
പഴയതുപോലെത്തന്നെ ചില കല്ലുകൾ പെട്ടന്ന് മുങ്ങുകയും ചിലതു പരപ്പിൽ ഓളങ്ങളുണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു പോന്നു.
കളികഴിഞ്ഞു കല്ലുകളെയുമുപേക്ഷിച്ചു വീട്ടിലേക്കു മടങ്ങുന്ന അതേ ലാഘവത്തോടെ തങ്ങളുടെ പോസ്റ്റുകളേയും പ്രതികരണങ്ങളേയും പ്രതിഷേധങ്ങളേയും മറവിയുടെ ആഴങ്ങളിലേക്ക് അവരെറിഞ്ഞു കളഞ്ഞുമിരിന്നു.
കാഴ്ചക്കാർ കൂടുമ്പോൾ ഇനിയുമെറിഞ്ഞു കളിക്കാൻ കല്ലുകളൊരുപാടു ബാക്കിയുണ്ടല്ലോ...
('അവരെ' ഞാനായോ നമ്മളായോ തിരുത്തി വായിക്കുകയുമാകാം...)