Tuesday, July 25, 2017

കലികാലം...



ഓർമ്മകളുടെ തീരം
ചുരുങ്ങിച്ചുരുങ്ങി
തുരുത്തുകൾ മാത്രമാകുമ്പോൾ;
സ്വപ്നങ്ങളത്രയും
നിലയില്ലാക്കയങ്ങളി-
ലേക്കാണ്ടുപോകുന്നു
മരവിച്ച മനസ്
പുതിയ തീരങ്ങൾ തേടുകയും
ഏകാന്തതയുടെ മരുഭൂവുകളിൽ മുഖം പൂഴ്ത്തുകയും ചെയ്യുന്നു.

മരുപ്പച്ചകൾ തേടിയ ആത്മാക്കളിന്നുമലയുന്നു;
അന്തമില്ലാത്ത യാത്രകളുടെ
പിന്നാമ്പുറക്കഥകൾ
'ചിത്ര'ത്തിലിടം കിട്ടാതെ
മണ്ണോടുമൺ ചേർന്നുമിരുന്നു.
അതുകൊണ്ടു കൂടിയായിരിക്കാം
പുതുനാമ്പുകൾക്കു പറയാൻ
കഥകളൊരുപാടുണ്ടായത്...

'സ്മാരകശില'കളില്ലാതായിട്ടും
ഗതികിട്ടാത്തവരുടെ പ്രേതങ്ങളും
വ്യഥകളും
നമ്മുടെ രാപ്പകലുകളെ അസ്വസ്ഥരാക്കുന്നത്...
കുരുക്കുകളിനിയുമഴിയാതെ
ശ്വാസംമുട്ടിക്കുന്ന മടുപ്പിൽ
നമ്മുടെയിന്നുകൾ
ഭ്രാന്തുകളായിമാറിക്കൊണ്ടിരിക്കുന്നത്.

വിശ്വാസത്തിന്റെ
കണികകളോരോന്നും,
നഷ്ട്ടത്തിന്റെ
വാതിലുകൾ തുറക്കുമ്പോൾ;
ഉള്ളിലമർന്നു
ചിരിക്കുന്നുണ്ട്
കലികാലം...

Sunday, July 23, 2017

‘നിറമില്ലാതിരുന്ന മൃഗം’


നിറമില്ലാതിരുന്ന മൃഗം
തലച്ചോറിനെയാക്രമിച്ചു
വർണ്ണങ്ങളിൽ
വിഷം കലർത്തി
മനുഷ്യരെ
മതിലുകെട്ടിത്തിരിച്ചു.
തൊണ്ടകീറിക്കരഞ്ഞവരുടെ
തൊള്ളയടപ്പിച്ചു...

നിറമില്ലാതിരുന്ന
നാടുകളിൽ
വിഷവിത്തുവിതച്ചു-
കൊയ്ത്താരംഭിച്ചു.
തല കൊയ്തു
മടുത്ത്
വീണ്ടും
തലച്ചോറു തിന്നുന്നു...
.........................................


പാവം പൂമ്പാറ്റ



ബാങ്കുകൾ തോറും
തെണ്ടി നടന്നു
പാവം പൂമ്പാറ്റ

ഏട്ടീയെമ്മുകൾ
കേറിയിറങ്ങി
പാവം പൂമ്പാറ്റ

നോട്ടുകൾ മാറ്റാ -
നോടി നടന്നു
'പച്ച' പൂമ്പാറ്റ...

ഉച്ചക്കഞ്ഞിക്കരി -
വാങ്ങാനും
കഷ്ട്ടപ്പാടായി,

ഓട്ടോ ചേട്ടനു
കൂലി കൊടുക്കാൻ
കാശിനിയില്ലല്ലോ

ക്യൂവിൽ നിന്നു
ചിറകു കരിഞ്ഞതു
മിച്ചം പൂമ്പാറ്റേ...


(ഇഷ്ട്ടമുള്ള നഴ്സറി ഗാനങ്ങളുടെ ട്ട്യൂയൂണുകൾ ഉപയോഗിക്കാവുന്നതാണ്.
My Suggestions
പൂവുകൾ തെണ്ടി നടന്നു...
or പച്ചപുൽച്ചാടി സിൽമാപ്പാട്ട്…)