Thursday, January 9, 2020

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം:
അതെത്ര
കുഴപ്പം പിടിച്ച
വാക്കാണ്,
അത് പേരില്ലാത്ത
അടിമകളുടെ
ചങ്ങലകൾ
അഴിച്ചുകളയുകയും,
ഖനിത്തൊഴിലാളികളുടെ
ജോലി സമയത്തിൽ
കയ്യിട്ടു വാരുകയും
അനീതിയെന്നു കാട്ടി
സകലതിനും നേർക്ക്
മുഷ്ട്ടിചുരുട്ടുകയും ചെയ്യുന്നു.

രാത്രിയേയും
ലാത്തിയെയും
തോക്കിനേയും
അത് ഭയപ്പെടുന്നില്ല;
ചാവുകളിൽ
കരയാതെ
പിന്നെയും
പിന്നെയും
അത്
ആക്രോശിക്കുന്നു.

തെരുവുകളിലെ
ആൾക്കൂട്ടങ്ങളെ
കാന്തം പോലെ
ആകർഷിക്കുകയും
എഴുതപ്പെട്ട
നിയമങ്ങളുടെ നേർക്ക്
വിരലു ചൂണ്ടുകയും,
ചിലപ്പൊഴൊക്കെ
പന്തം കൊളുത്തിവന്ന്
അധികാരക്കോട്ടകളൊക്കെയും
എരിച്ചുകളയുകയും ചെയ്യുന്നു.

സ്വാതന്ത്ര്യം,
എന്തൊരു
തൊന്തരവു പിടിച്ച
വാക്കാണ്:
യുവാക്കൾക്കൊപ്പം
വൃദ്ധർക്കും
അതിന്റെ
രുചിപിടിച്ചിരിക്കുന്നു,
അതിനൊച്ചയുണ്ടായി-
ത്തുടങ്ങിയിരിക്കുന്നു...

Saturday, September 14, 2019

അരിമണിചരിതം

വേവാകാതെ പോയ
അരിമണികളിലൊന്ന്
അടുക്കളച്ചാലീലൂടൊഴുകി,
തെങ്ങിൻ തടങ്ങളിൽ
മാനംനോക്കി കിടന്നു.

നിലാചന്ദ്രനെയും
ഇരുട്ടിലെ നക്ഷത്രങ്ങളെയും
ഉച്ചിയിലുദിക്കുന്ന സൂര്യനേയും
പകൽ വെളിച്ചത്തിൽ
തെളിച്ചു കണ്ടു.

ഇടയ്ക്കെപ്പഴോ,
ഉമിയായിപ്പോയ
പുറന്തോടുകളേയോർത്തു
രണ്ടിറ്റു-
കണ്ണീരുപൊഴിച്ചു.

ഇരുണ്ട
നിലവറകളിലെ
മടുപ്പിക്കുന്ന
നിശബ്ദതകളെ,
മനസ്സറിഞ്ഞുവെറുത്തു.

ഇരതേടിവന്ന
ഒരു കോഴിക്കഴുത്തിന്
തലനീട്ടിക്കൊടുത്ത്,
സ്വയം
അവസാനിപ്പിക്കുകയും ചെയ്തു.

Thursday, August 1, 2019

അപരിചിതമായ
ഒരു പാട്ടാരോ
മൂളുകയും,
കാടു മുഴുവനും
നിശബ്ദമാവുകയും ചെയ്ത
കറുത്ത -
രാത്രികളിലൊന്നിൽ
പൊട്ടിവിരിഞ്ഞ
നക്ഷത്ര കൂട്ടങ്ങളാണ്;
കുന്നിൻ ചെരുവുകളിലെ
പാലച്ചുവടുകളിലേക്ക്
വഴികാട്ടിയത്...

നട്ടുച്ചയ്ക്കാണ് -
നരച്ച പാലച്ചോടുകളിൽ
ഒറ്റയ്ക്കു
നടക്കാനിറങ്ങിയത്,
തലയ്ക്കുമീതെ
കത്തിനിന്ന
തീ വെയിലിലും
നിലാവരിച്ചി-
റങ്ങുന്നുണ്ടായിരുന്നു...

അരുവികളിൽ
തത്തിക്കളിച്ചിരുന്ന
കുളക്കോഴികുഞ്ഞുങ്ങളും,
ആൽത്തലപ്പിലൂഞ്ഞാലാടിയിരുന്ന
അണ്ണാറക്കണ്ണന്മാരും
ഒരുമിച്ചു പാഞ്ഞപ്പോഴാണ്;
കാറ്റായി വന്ന്
കഥ പറഞ്ഞതത്രയും
കരിമ്പനച്ചോടുകളിൽ
ചവച്ചു തുപ്പിയത്...

Friday, April 5, 2019

നിലാത്തണുപ്പു്
കുന്നിറങ്ങുമ്പോൾ
ഇരുട്ടുരുട്ടിക്കയറ്റിയ
വെളിച്ചങ്ങളോരോന്നും
ആഴങ്ങളിലേക്ക്
എറിഞ്ഞിടുകയാണ്
പ്രാന്ത്

ദ്രവിച്ച
നങ്കൂരത്തിനുചുറ്റും
പ്രാന്തെടുത്തു
പറക്കുന്നുണ്ടായിരുന്ന
ഉപ്പുകാറ്റ് കൊള്ളുകയാണ്
വെയില്

ഉച്ചവെയിലിൽ വെന്ത
മണൽപ്പരപ്പുകളിൽ
വീശുന്നുണ്ടായിരുന്ന
പാതിചത്ത കാറ്റിൽ
ആടിയുലയുന്നുണ്ട്
ഒരു വഞ്ചി

ഓളപ്പരപ്പിൽ
വലവീശിപ്പിടിച്ച
ഏകാന്തയുടെ,
വിപണിമൂല്യമന്വേഷിക്കുകയാണ്
മുക്കുവൻ...

Wednesday, April 3, 2019

'യുദ്ധം'



നിരതെറ്റിയൊഴുകിയെത്തിയ
ഒരു പുതിയ പല്ലാണ്,
അവരുടെ
'സാമ്പത്തികശാസ്ത്രം'
നിമിഷാർദ്ധം കൊണ്ടു്
പൊളിച്ചെഴുതിയത്.
ഇക്കണ്ട കാലം
പഠിക്കാതിരുന്ന
പുത്തൻ തത്വങ്ങൾ
ഉരുക്കുമുഷ്ട്ടികളായി
അവതരിച്ചത്...
മുറുക്കനെ വലിച്ചുകെട്ടിയ
ലോഹത്തുണ്ട്
രസങ്ങളെല്ലാമൂറ്റിക്കുടിച്ചത്.

വിള്ളലുവീണ മോണ
തേഞ്ഞൊരണപ്പല്ല്,
മുക്കാലും പൊള്ളയായ
കോമ്പല്ലുകൾ,
മുള്ളുവേലിക്കിപ്പുറം
യുദ്ധത്തിന് കച്ചമുറുക്കി
പോരാളികൾ
പിന്നെയും നിരന്നുകൊണ്ടിരുന്നു.

കാശേറെ മുടക്കി
അടച്ചുകളഞ്ഞ,
പോടുകളോരോന്നും തുറന്
കറുത്തലോഹമിളിച്ചു കാട്ടി.
കാതങ്ങൾക്കപ്പുറം
കടിച്ചു പൊട്ടിച്ച
പുളിങ്കുരുവും
ഒരുമിച്ചു കടിച്ചകരിമ്പും
അരുചികൾ പടരുന്നതും
നോക്കി നിന്നു.

Tuesday, March 26, 2019

A Wounded Witch



She was sleeping
When they caught her,
They bound her legs
And screamed...

She was very particular about sounds,
So the Scream;
It annoyed her most.
She burnt two of them
Hanged four,
Fried the rest with
Elephant fat

It was Sunday
Her happy day
She would have
pardoned them
If they had chosen a 'Friday'...

Saturday, March 23, 2019

മരണമൊഴിവാക്കുവാനാണ്
കിട്ടാവുന്ന മരുന്നുകളത്രയും
കരണ്ടു തിന്നത്;
വാക്കളന്നു മുറിച്ച്
ചിരിയൊതുക്കിയന്ന് കരഞ്ഞതും
സ്വാർത്ഥതയൊളിപ്പിക്കാനായിരുന്നു;
കയ്പുകുടിച്ചിളിച്ചു കാണിച്ച
വെറുപ്പകളോരോന്നും പൊന്തിവന്നു
തലപെരുത്തപ്പോഴെല്ലാം ചിരിച്ചു,
അഭിയിച്ചു മടുത്തപ്പോഴെല്ലാമുറങ്ങി!

മരണമൊഴിവാകുവാനാണ്
മഹാ മാന്ത്രികനെത്തേടി
ലോകംമുഴുക്കെയലഞ്ഞത്;
ഉള്ളിൽച്ചിരിച്ചു കണ്ടുപോന്ന
കരച്ചിലുകളോരോന്നും
ഉയർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു;
ഭിക്ഷാപാത്രങ്ങളിലേക്കു പ്രാകിയും
ഭയഭക്തിയോടെ ഭണ്ഡാരങ്ങളിലും
നിക്ഷേപിച്ചതത്രയും പുണ്യമായിരുന്നുവല്ലോ...

മരണമൊഴിവാക്കുവാൻ തന്നെയാണ്
കരളിന്റെ പാതിയറുത്തെടുത്തത്,
കരിച്ചുകളഞ്ഞ തൊലികളത്രയും -
പ്രിയപ്പെട്ടതുകളുമായിരുന്നു...
പെറുക്കിവച്ച കക്കയും ചിപ്പിയും
കടലുകൊണ്ടുപോകുന്നതപ്പഴും
നിസംഗനായി നോക്കിനിൽക്കുകയായിരുന്നു
ഉള്ളിന്റെയുള്ളിലെ കുട്ടി.