Saturday, September 14, 2019

അരിമണിചരിതം

വേവാകാതെ പോയ
അരിമണികളിലൊന്ന്
അടുക്കളച്ചാലീലൂടൊഴുകി,
തെങ്ങിൻ തടങ്ങളിൽ
മാനംനോക്കി കിടന്നു.

നിലാചന്ദ്രനെയും
ഇരുട്ടിലെ നക്ഷത്രങ്ങളെയും
ഉച്ചിയിലുദിക്കുന്ന സൂര്യനേയും
പകൽ വെളിച്ചത്തിൽ
തെളിച്ചു കണ്ടു.

ഇടയ്ക്കെപ്പഴോ,
ഉമിയായിപ്പോയ
പുറന്തോടുകളേയോർത്തു
രണ്ടിറ്റു-
കണ്ണീരുപൊഴിച്ചു.

ഇരുണ്ട
നിലവറകളിലെ
മടുപ്പിക്കുന്ന
നിശബ്ദതകളെ,
മനസ്സറിഞ്ഞുവെറുത്തു.

ഇരതേടിവന്ന
ഒരു കോഴിക്കഴുത്തിന്
തലനീട്ടിക്കൊടുത്ത്,
സ്വയം
അവസാനിപ്പിക്കുകയും ചെയ്തു.