Friday, April 5, 2019

നിലാത്തണുപ്പു്
കുന്നിറങ്ങുമ്പോൾ
ഇരുട്ടുരുട്ടിക്കയറ്റിയ
വെളിച്ചങ്ങളോരോന്നും
ആഴങ്ങളിലേക്ക്
എറിഞ്ഞിടുകയാണ്
പ്രാന്ത്

ദ്രവിച്ച
നങ്കൂരത്തിനുചുറ്റും
പ്രാന്തെടുത്തു
പറക്കുന്നുണ്ടായിരുന്ന
ഉപ്പുകാറ്റ് കൊള്ളുകയാണ്
വെയില്

ഉച്ചവെയിലിൽ വെന്ത
മണൽപ്പരപ്പുകളിൽ
വീശുന്നുണ്ടായിരുന്ന
പാതിചത്ത കാറ്റിൽ
ആടിയുലയുന്നുണ്ട്
ഒരു വഞ്ചി

ഓളപ്പരപ്പിൽ
വലവീശിപ്പിടിച്ച
ഏകാന്തയുടെ,
വിപണിമൂല്യമന്വേഷിക്കുകയാണ്
മുക്കുവൻ...

Wednesday, April 3, 2019

'യുദ്ധം'



നിരതെറ്റിയൊഴുകിയെത്തിയ
ഒരു പുതിയ പല്ലാണ്,
അവരുടെ
'സാമ്പത്തികശാസ്ത്രം'
നിമിഷാർദ്ധം കൊണ്ടു്
പൊളിച്ചെഴുതിയത്.
ഇക്കണ്ട കാലം
പഠിക്കാതിരുന്ന
പുത്തൻ തത്വങ്ങൾ
ഉരുക്കുമുഷ്ട്ടികളായി
അവതരിച്ചത്...
മുറുക്കനെ വലിച്ചുകെട്ടിയ
ലോഹത്തുണ്ട്
രസങ്ങളെല്ലാമൂറ്റിക്കുടിച്ചത്.

വിള്ളലുവീണ മോണ
തേഞ്ഞൊരണപ്പല്ല്,
മുക്കാലും പൊള്ളയായ
കോമ്പല്ലുകൾ,
മുള്ളുവേലിക്കിപ്പുറം
യുദ്ധത്തിന് കച്ചമുറുക്കി
പോരാളികൾ
പിന്നെയും നിരന്നുകൊണ്ടിരുന്നു.

കാശേറെ മുടക്കി
അടച്ചുകളഞ്ഞ,
പോടുകളോരോന്നും തുറന്
കറുത്തലോഹമിളിച്ചു കാട്ടി.
കാതങ്ങൾക്കപ്പുറം
കടിച്ചു പൊട്ടിച്ച
പുളിങ്കുരുവും
ഒരുമിച്ചു കടിച്ചകരിമ്പും
അരുചികൾ പടരുന്നതും
നോക്കി നിന്നു.