Monday, November 20, 2017

ഇനിയും ഒഴുകി തീര്‍ന്നിട്ടില്ലാത്ത
പുഴകളിലൂടെ...
വായിച്ചു തീര്‍ത്തിട്ടില്ലാത്ത
പുസ്തകങ്ങളിലൂടെ...
വിരിഞ്ഞു പൂവാകാത്ത മൊട്ടുകളിലൂടെ...
ഞാനിനിയുമെന്നെയറിയും,
തിരുത്തും.

വെട്ടലും തിരുത്തലുകളും
കവിതയ്ക്കു ഭംഗി കൂട്ടുന്നു,
ജീവിതത്തിനതിഭാവുകത്വവും...

എഴുതി തീരാത്ത പേന;
എന്‍റെ സ്വപ്നമാകുന്നു
എഴുതി നിറയ്ക്കാത്ത കടലാസുകളോ?
അതു കടക്കാരനു തുണ്ടുകളായി
'പറ്റിന്‍റെ' ബാക്കി പത്രങ്ങളാകുന്നു.

കവിതയെയറിയാത്തവര്‍
പേനകൊണ്ടു കോറിവരയ്ക്കുന്നു
എന്നെപ്പോലെ...
അത് വായിക്കാപ്പെടാനുള്ളതാകുന്നില്ല



ആശുപത്രിയിലെ ഈച്ച

ആശുപത്രിയിലെ ഈച്ച

ആശുപത്രിയിലെ ഈച്ച
ഊന്നുവടിക്കു കൂട്ടിരുന്ന്
ചലത്തിന് വേലികെട്ടി,
പഴുത്ത പുണ്ണിനെനോക്കി
ആർത്തുവിളിക്കുന്നു.

ഡെറ്റോളിന്റെ
മടുപ്പിക്കു ഗന്ധത്തെ
ഇരുചിറകുകൾകൊണ്ടും
തട്ടിയകറ്റി വരാന്തയിലെ
'നാലാന്തര'ക്കാരനോടൊപ്പം
അവനുറങ്ങുന്നു.
കിഴക്കുണരും മുമ്പെ
മോർച്ചറിയിലേക്ക്
സർക്കീട്ട് പോകുന്നു.

മരണത്തെ പുച്ഛിച്ച്
ജീവിതത്തോടു പൊരുതുന്നവരെ,
കൊഴിയുന്ന പൂക്കളെ,
തളർന്ന കൂട്ടിരിപ്പുകാരെ,
കരയുന്ന പിള്ളാരെ,
ചായപാത്രത്തെ
ഒരുപോലെ
പ്രണയിക്കുന്നു.

മടുപ്പില്ലാത്ത
പ്രണയത്തിന്റെ
അപ്പൊസ്തലനായി...